'മഞ്ഞുമ്മല്‍ ബോയ്‌സ്' സിനിമയുടെ ലാഭവിഹിതം പങ്കിടുന്നതുമായി ബന്ധപ്പെട്ട കേസില്‍ നിര്‍മാതാക്കളായ സൗബിന്‍ ഷാഹിറും ഷോണ്‍ ആന്റണിയും കോടതിയില്‍ നല്‍കിയ വിശദാംശങ്ങളില്‍ പൊളിയുന്നതു സിനിമ 250 കോടി ക്ലബ്ബിലെത്തിയെന്ന അവകാശവാദം. സിനിമ ഇപ്പോള്‍ ഒ.ടി.ടിയിലുമെത്തി. കേസ് കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാക്കാനുള്ള സാധ്യത തേടുകയാണു നിര്‍മാതാക്കള്‍. 22 വരെ ഇവരെ അറസ്റ്റ് ചെയ്യരുതെന്നു ഹൈക്കോടതി ഉത്തരവുണ്ട്. ആലപ്പുഴ, അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ ഹമീദാണു പരാതിക്കാരന്‍.
നിര്‍മാണക്കമ്പനിയായ പറവ ഫിലിംസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനും നിര്‍മാതാക്കള്‍ക്കെതിരേ കേസെടുക്കാനും എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന്, എറണാകുളം മരട് പോലീസ് ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരേ കേസെടുത്തു. സൗബിനും ഷോണും സമര്‍പ്പിച്ച മുന്‍കൂര്‍ജാമ്യഹര്‍ജിയിലാണു സിനിമയുടെ കളക്ഷന്‍ സംബന്ധിച്ച വസ്തുതകള്‍ ചുരുളഴിയുന്നത്. സിനിമ 250 കോടി രൂപ നേടിയെന്നു ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സിറാജ് വന്‍ലാഭവിഹിതം ആവശ്യപ്പെടുകയായിരുന്നെന്നു സൗബിനും ഷോണും പറയുന്നു.
അഭിനേതാക്കള്‍ക്കും സാങ്കേതികവിദഗ്ധര്‍ക്കും പ്രതിഫലം നല്‍കാനുണ്ട്. വരവുചെലവുകള്‍ കണക്കാക്കിയശേഷം കരാര്‍പ്രകാരമുള്ള ലാഭവിഹിതം നല്‍കാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, ഏഴുകോടി മുടക്കിയ സിറാജ് ഇതംഗീകരിക്കാന്‍ തയാറായില്ല. കൊമേഴ്‌സ്യല്‍ കോടതിയെ സമീപിച്ചു. ചിത്രത്തിന്റെ ലാഭവിഹിതവും മുടക്കുമുതലും നല്‍കാതെ പറവ ഫിലിംസുമായി ബന്ധപ്പെട്ടവര്‍ വഞ്ചിച്ചെന്നാണു സിറാജിന്റെ പരാതി. 2022 നവംബര്‍ 30-ന് ഒപ്പിട്ട കരാര്‍പ്രകാരം ലാഭവിഹിതത്തിന്റെ 40% തനിക്കു ലഭിക്കേണ്ടതാണെന്നു സിറാജ് പറയുന്നു. എന്നാല്‍, കരാര്‍ പാലിക്കപ്പെട്ടില്ല.
കൊമേഴ്‌സ്യല്‍ കോടതിയെ സമീപിച്ചശേഷം ക്രിമിനല്‍ ഹര്‍ജി നല്‍കാനാകുമോയെന്ന സംശയവും സൗബിന്‍ ഹൈക്കോടതിയില്‍ ഉയര്‍ത്തുന്നു. സിവില്‍ തര്‍ക്കമാണെന്ന് ആദ്യപരാതിയില്‍ വ്യക്തമാണ്. ഇതിനു പിന്നില്‍ ഗൂഢോദ്ദേശ്യമുണ്ടെന്നും സമ്മര്‍ദം ചെലുത്തി നേട്ടമുണ്ടാക്കാനാണു ശ്രമമെന്നും സൗബിനും ഷോണും ഹര്‍ജിയില്‍ ആരോപിച്ചു. ഇതേത്തുടര്‍ന്നാണു മറുപടി നല്‍കാന്‍ ഹൈക്കോടതി സിറാജിനു സമയമനുവദിച്ചതും അറസ്റ്റ് തടഞ്ഞതും.