ബര്‍മുഡ വിമാനത്താവളത്തില്‍ നിന്നും ലണ്ടന്‍ ഹീത്രൂവിലേക്ക് പറക്കാനിരുന്ന ബ്രിട്ടീഷ് എയര്‍വെയ്‌സ് വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് അവസാന നിമിഷം റദ്ദാക്കി. പോലീസും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും വിമാനത്താവളത്തിലെത്തി പരിശോധനകള്‍ നടത്തി. ബര്‍മുഡ വിമാനത്താവളത്തിലെ റണ്‍വേയില്‍ ടേക്ക് ഓഫിന് ഒരുങ്ങുമ്പോഴായിരുന്നു പൈലറ്റിന് യാത്ര മുടക്കേണ്ടതായി വന്നത്.
ബോയിംഗ് 770 - 200 ഇ ആര്‍ വിമാനം പറന്നുയരുന്നതിന് ഏതാനും സെക്കന്റുകള്‍ക്ക് മുന്‍പാണ് എയര്‍ ട്രാഫിക് കണ്‍ട്രോളേഴ്സ് അതിന്റെ യാത്ര തടഞ്ഞത്.
ഉടനെ തന്നെ പോലീസും ഭീകരവിരുദ്ധ സ്‌ക്വാഡും സംഭവസ്ഥലത്ത് എത്തി. ബര്‍മുഡ വിമാനത്താവളാധികൃതര്‍ക്ക് ഈമെയില്‍ വഴിയായിരുന്നു ബോംബ് ഭീഷണി ലഭിച്ചത്. ഉടന്‍ തന്നെ വിമാനത്താവളത്തിന് ആറ് മൈല്‍ ചുറ്റളവിലുള്ള എല്ലാ റോഡുകളും അടയ്ക്കുകയും ചെയ്തു. രാത്രി 8. 50 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം 42 മിനിറ്റ് വൈകിയാണ് യാത്ര ആരംഭിച്ചത്. അപ്പോഴായിരുന്നു ബോംബ് ഭീഷണി വന്നത്.
സെയ്ലിംഗ് ഗ്രാന്‍ഡ് പ്രീ നടക്കുന്നതിനാല്‍, ഈ വിനോദ സഞ്ചാര കേന്ദ്രത്തില്‍ ഹോട്ടലുകളില്‍ ഒന്നും തന്നെ മുറികള്‍ ഒഴിവുണ്ടായിരുന്നില്ല. അതിനാല്‍, യാത്ര റദ്ദാക്കിയ വിമാനത്തിലെ യാത്രക്കാര്‍ക്ക് വിമാനത്താവളത്തിലെ നിലത്ത് കിടന്ന് ഉറങ്ങേണ്ടതായി വന്നു. ഈ കാലതാമസം കാരണം പൈലറ്റും മറ്റ് ജീവനക്കാരും അവരുടെ പൂര്‍ണ്ണ ജോലി സമയം പൂര്‍ത്തിയാക്കിയതിനാല്‍ പോലീസ് ക്ലിയറന്‍സ് നല്‍കിയിട്ടും വിമാനത്തിന് യാത്ര തുടരാനായില്ല.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ് പ്രതിനിധി പറഞ്ഞു. അതുകൊണ്ടു തന്നെ, ക്രമപ്രകാരമുള്ള ചട്ടങ്ങള്‍ പാലിച്ച് യാത്ര റദ്ദാക്കുകയായിരുന്നു എന്നും പ്രതിനിധി അറിയിച്ചു. യാത്രക്കാരെ ലണ്ടനിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും പ്രതിനിധി അറിയിച്ചു.