സ്വന്തം ജീവനും, സ്വത്തും യുകെ ജനത സ്വയം സംരക്ഷി ക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. മോഷണവും അക്രമവും അതുപോലെ കുതിച്ചു. കഴിഞ്ഞ വര്‍ഷം 215,000 കവര്‍ച്ചാ കേസുകള്‍ തെളിയിക്കാന്‍ പോലീസിനു കഴിഞ്ഞില്ല.
ഇതോടെ ദിവസേന 600 കേസുകളെങ്കിലും ഈ വിധത്തില്‍ തെളിവില്ലാതെ അവസാനിക്കുന്നുവെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. ഇംഗ്ലണ്ടിലും, വെയില്‍സിലും റിപ്പോര്‍ട്ട് ചെയ്യുന്ന കവര്‍ച്ചാ കേസുകളിലെ 76 ശതമാനമാണ് ഈ വിധത്തില്‍ തുമ്പില്ലാതെ പോകുന്നത്. കേവലം 6 ശതമാനം മോഷണ കേസുകളിലാണ് പ്രതിയെ കോടതിയില്‍ എത്തിക്കുന്നതില്‍ കലാശിച്ചത്.
ഹോം ഓഫീസ് കണക്കുകള്‍ പരിശോധിച്ച് ലിബറല്‍ ഡെമോക്രാറ്റുകള്‍ നടത്തിയ അന്വേഷണത്തിലാണ് ഈ ദുരവസ്ഥ പുറത്തുവരുന്നത്. 2023-ല്‍ 215,933 മോഷണ കേസുകള്‍ തെളിയിക്കാതെ പോയെന്നാണ് ഇവരുടെ കണ്ടെത്തല്‍. മോഷണമോ, കവര്‍ച്ചയോ നടന്ന എല്ലാ വീടുകളിലും ഓഫീസര്‍മാര്‍ എത്തുമെന്ന് 2022 ഒക്ടോബറില്‍ പോലീസ് മേധാവികള്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ വര്‍ഷാവര്‍ഷം 4 ശതമാനം വീതം തെളിയിക്കാത്ത കേസുകളുടെ എണ്ണമേറുകയാണ് ചെയ്യുന്നത്.
കുറ്റകൃത്യങ്ങള്‍ പരിഹരിക്കാന്‍ 'ബര്‍ഗ്ലറി റെസ്‌പോണ്‍സ് ഗ്യാരണ്ടി' പോലുള്ള സ്‌കീമുകള്‍ നടപ്പാക്കാനാണ് ലിബറല്‍ ഡെമോക്രാറ്റുകള്‍ ആവശ്യപ്പെടുന്നത്. സൗത്ത് യോര്‍ക്ക്ഷയര്‍ സേനയാണ് ഏറ്റവും മോശം പ്രകടനം നടത്തുന്നത്. ഇവിടെ 84 ശതമാനം കവര്‍ച്ചാ കേസുകളും തെളിവില്ലാതെ അവസാനിക്കുന്നു. 82 ശതമാനം കേസും പരിഹരിക്കാതെ സറേ രണ്ടാം സ്ഥാനത്താണ്.