തമിഴ്‌നാട് പോലീസില്‍നിന്നുള്ള പീഡനത്തില്‍ അന്വേഷണം വേണ്ടെന്നു മഞ്ഞുമ്മല്‍ ടീം
തമിഴ്‌നാട് പോലീസില്‍നിന്നു നേരിട്ട പീഡനത്തില്‍ അന്വേഷണം വേണ്ടെന്നു റിയല്‍ 'മഞ്ഞുമ്മല്‍ ടീം'. അന്നത്തെ പോലീസുകാരെല്ലാം വിരമിച്ചു വിശ്രമ ജീവിതത്തിലാകും. ഇനി അന്വേഷണമോ നടപടിയോ വേണ്ടെന്ന് അപകടത്തില്‍ രക്ഷകനായ സിജു ഡേവിഡ് പറഞ്ഞു. ഇനിയെങ്കിലും കാര്യങ്ങളെ മുന്‍വിധിയോടെ സമീപിക്കരുതെന്നാണ് അഭ്യര്‍ഥനയെന്നും അദ്ദേഹം പറഞ്ഞു.
മഞ്ഞുമ്മല്‍ ടീം നേരിട്ട പോലീസ് നടപടി അന്വേഷിക്കാന്‍ തമിഴ്‌നാട് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടിരുന്നു. അതേസമയം, കേസില്‍ അന്വേഷണം അനാവശ്യമാണെന്നു മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ സംവിധായകന്‍ ചിദംബരം പറഞ്ഞു. സംഘാംഗങ്ങള്‍ ഗുണ കേവിലേക്കു കടന്നു കയറിയതാണ്. തെരഞ്ഞെടുപ്പു കാലത്തെത്തിയ പോലീസുകാരാണ് അന്നു ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. പോലീസുകാരെ കുറ്റം പറയാനാകില്ലെന്നും സംവിധായകന്‍ പറഞ്ഞു.
മഞ്ഞുമ്മല്‍ ബോയ്‌സ് വന്‍ വിജയമായി മാറിയതിനു പിന്നാലെയാണു അന്നുനടന്ന പോലീസ് പീഡനത്തില്‍ തമിഴ്‌നാട് അന്വേഷണം പ്രഖ്യാപിച്ചത്. 2006-ല്‍ മഞ്ഞുമ്മലില്‍നിന്നു കൊടൈക്കനാലിലേക്കു യാത്ര പോയ സുഹൃത്തുക്കളെക്കുറിച്ചാണു ചിത്രത്തില്‍ പറയുന്നത്. ഗുണ കേവില്‍ അകപ്പെട്ട സുഹൃത്തിനെ രക്ഷിക്കണം എന്നാവശ്യപ്പെട്ടു പോലീസിനെ സമീപിച്ച സുഹൃത്തുക്കളെ പോലീസ് മര്‍ദിക്കുന്നതു സിനിമയിലുണ്ട്. ഇത് യഥാര്‍ത്ഥത്തില്‍ നടന്ന സംഭവമാണെന്നു പിന്നീട് ഇവര്‍ വെളിപ്പെടുത്തിയിരുന്നു.
സുഹൃത്തിനെ ഗുണ കേവില്‍ തള്ളിയിട്ടു കൊലപ്പെടുത്തി എന്നാരോപിച്ചായിരുന്നു മര്‍ദനം. ഇതിനെതിരേയാണു തമിഴ്‌നാട് കോണ്‍ഗ്രസ് നേതാവായ നിലമ്പൂര്‍ സ്വദേശി ഷിജു ഏബ്രഹാം പരാതിയുമായി രംഗത്തെത്തിയത്. അന്നു പോലീസ് നടത്തിയ പീഡനത്തിനു പത്തിലൊന്നുപോലും ചിത്രത്തില്‍ കാണിച്ചിട്ടില്ലെന്നാണു ഷിജു ഏബ്രഹാം പരാതിയില്‍ വ്യക്തമാക്കിയത്.