കോവിഡ് മഹാമാരിയും, റെക്കോര്‍ഡ് വെയ്റ്റിംഗ് ലിസ്റ്റും സൃഷ്ടിച്ച പ്രതിസന്ധിയ്ക്കിടെ, കണ്‍സര്‍വേറ്റീവുകള്‍ വാഗ്ദാനം ചെയ്ത എന്‍എച്ച്എസ് ഇംഗ്ലണ്ട് ഫണ്ടിംഗ് വര്‍ധിപ്പിക്കല്‍ ശ്രമങ്ങള്‍ പരാജയം. ഗവണ്‍മെന്റ് ഫണ്ടിംഗ് വര്‍ദ്ധിച്ചെങ്കിലും ഇതില്‍ ഭൂരിഭാഗവും ഉയര്‍ന്ന പണപ്പെരുപ്പം കവര്‍ന്നതായി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസ് ചൂണ്ടിക്കാണിക്കുന്നു.
ഇതുമൂലം നിലവിലെ പാര്‍ലമെന്റിന്റെ കാലയളവില്‍ എന്‍എച്ച്എസ് പ്രതിദിന ചെലവഴിക്കല്‍ വര്‍ഷത്തില്‍ 2.7% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. 2019-ല്‍ ബോറിസ് ജോണ്‍സണ്‍ വാഗ്ദാനം ചെയ്ത 3.3 ശതമാനത്തില്‍ താഴെയാണിത്.
മഹാമാരി, റെക്കോര്‍ഡ് വെയ്റ്റിംഗ് ലിസ്റ്റ്, അനാരോഗ്യ നിരക്ക് വളര്‍ച്ച, എന്നിവയുടെ പശ്ചാത്തലത്തിലാണ് അഞ്ച് വര്‍ഷം മുന്‍പ് പദ്ധതിയിട്ടതിലും കുറഞ്ഞ വേഗതയില്‍ ഫണ്ട് ചെലവഴിക്കല്‍ പുരോഗമിക്കുന്നതെന്ന് ഐഎഫ്എസ് പറയുന്നു. 'ഇതൊരു ആയുഷ്‌കാല ശീലമാണ് തകര്‍ക്കുന്നത്. കഴിഞ്ഞ 40 വര്‍ഷത്തിനിടെ എന്‍എച്ച്എസ് ബജറ്റ് യഥാര്‍ത്ഥ പദ്ധതിയേക്കാള്‍ വേഗത്തില്‍ വളരുകയാണ് ചെയ്തത്. എന്നാല്‍ ഈ പാര്‍ലമെന്റ് അതിന് വിരുദ്ധമാണ്', ഐഎഎഫ്എസ് വ്യക്തമാക്കി.
2019 തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റിന്റെ അവസാനത്തില്‍ ചെലവഴിക്കല്‍ 34 ബില്ല്യണ്‍ പൗണ്ടിലേക്ക് വര്‍ദ്ധിപ്പിക്കുമെന്നാണ് വാഗ്ദാനം ചെയ്തത്. എന്നാല്‍ 2022 ഒക്ടോബറില്‍ 11.1% വരെ കുതിച്ചുയര്‍ന്ന പണപ്പെരുപ്പം ഈ ഫണ്ടിന്റെ നല്ലൊരു ഭാഗം കവരുകയായിരുന്നു.