സുനാക് സര്‍ക്കാരിന് മറ്റൊരു തിരിച്ചടിയായി യുകെയിലെ തൊഴിലില്ലായ്മ കുതിച്ചുയരുന്നു
തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ സുനാക് സര്‍ക്കാരിനും ടോറി പാര്‍ട്ടിയ്ക്കും വലിയ തിരിച്ചടികളാണ് നേരിടുന്നത്. അഭിപ്രായ സര്‍വേകളും ഉപതിരഞ്ഞെടുപ്പുകളും പ്രാദേശിക തിരഞ്ഞെടുപ്പുകളും തിരിച്ചടി സമ്മാനിച്ചിരുന്നുന്നു. ഇപ്പോഴിതാ യുകെയിലെ തൊഴിലില്ലായ്മ കുതിച്ചുയരുന്നതിന്റെ റിപ്പോര്‍ട്ടുകളും പുറത്തുവന്നു.
നിലവിലെ കണക്ക് അനുസരിച്ച് യുകെയിലെ തൊഴിലില്ലായ്മയുടെ നിരക്ക് ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലത്ത് തൊഴിലില്ലായ്മയുടെ നിരക്ക് 4.3 ശതമാനം ഉയര്‍ന്നതായുള്ള കണക്കുകള്‍ ആണ് പുറത്ത് വന്നിരിക്കുന്നത്.
ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്ററ്റിക്സ് ആണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. തൊഴിലില്ലായ്മയുടെ നിരക്ക് കൂടിയതോടൊപ്പം തൊഴിലവസരങ്ങളും കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ കൂടുതല്‍ തൊഴിലില്ലാത്ത ആളുകള്‍ ഒരേ ജോലിക്കായി മത്സരിക്കുന്ന സാഹചര്യവുമാണ് രാജ്യത്ത് നിലവില്‍ വന്നിരിക്കുന്നത്. കൂടുതല്‍ ആളുകള്‍ തൊഴിലില്ലാതെ നില്‍ക്കുന്ന സാഹചര്യം രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലുകളും സാമ്പത്തിക വിദഗ്ധര്‍ പങ്കുവെയ്ക്കുന്നു.
രാജ്യത്ത് ഓഫര്‍ ചെയ്യുന്ന ജോലികളുടെ എണ്ണത്തിലും വലിയ കുറവ് സംഭവിച്ചതായാണ് കണക്കുകള്‍ കാണിക്കുന്നത്. അതായത് ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ നേരത്തെയുള്ളവയുമായി താരതമ്യം ചെയ്യുമ്പോള്‍ 26000 കുറഞ്ഞ് 898,000 തസ്തികകളിലേയ്ക്കാണ് പോസ്റ്റിങ്ങ് നടന്നിരിക്കുന്നത്. തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നത് ഗുരുതര പ്രതിസന്ധിക്ക് കാരണമാകുമെന്ന് ഒഎന്‍എസിലെ എക്കണോമിക്സ് സ്റ്റാറ്റിസ്റ്റിക്സ് ഡയറക്ടര്‍ ലിസ് മക് കൗണ്‍ പറഞ്ഞു. പുറത്തു വന്നിരിക്കുന്ന തൊഴിലില്ലായ്മയുടെ കണക്കുകള്‍ രാജ്യത്തിന്റെ സ്ഥിതി കൂടുതല്‍ വഷളായി കൊണ്ടിരിക്കുന്നതിന്റെ തെളിവാണെന്നതാണ് ലേബറിന്റെ ആക്ടിംഗ് ഷാഡോ വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ സെക്രട്ടറി അലിസണ്‍ മക്ഗവര്‍ണ്‍ പ്രതികരിച്ചത്.
തൊഴിലില്ലായ്മയെ കുറിച്ച് പുറത്തുവന്നിരിക്കുന്ന കണക്കുകള്‍ ഭരണപക്ഷത്തിന് കനത്ത തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. പൊതു തിരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും തൊഴിലില്ലായ്മ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്നാണ് കരുതപ്പെടുന്നത്.