ഇംഗ്ലണ്ടില്‍ ജലജന്യ രോഗങ്ങള്‍ സ്ഥിരീകരിച്ചതോടെ തിളപ്പിച്ച വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ മുന്നറിയിപ്പ്. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഡെവോണ്‍ പ്രദേശത്ത് 22 പേര്‍ക്കാണ് മലിനജലം മൂലം ഉണ്ടാകുന്ന വയറിളക്കം സ്ഥിരീകരിച്ചത്. വയറിളക്കത്തിന് കാരണമാകുന്ന അണുക്കള്‍ ഇവിടെ വിതരണം ചെയ്യുന്ന ജലത്തില്‍ കണ്ടെത്തിയതായി സൗത്ത് വെസ്റ്റ് വാട്ടര്‍ അറിയിച്ചിരുന്നു.
രോഗത്തിന്റെ ഉറവിടം ഇല്ലാതാക്കാന്‍ യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുമായി (യുകെഎച്ച്എസ്എ ) ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സൗത്ത് വെസ്റ്റ് വാട്ടര്‍ അറിയിച്ചു. പ്രശ്ന ബാധിത പ്രദേശങ്ങളില്‍ കുപ്പിവെള്ള വിതരണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ജലത്തില്‍ കൂടി പകരുന്ന രോഗങ്ങള്‍ കടുത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതിരോധശേഷി കുറഞ്ഞവര്‍ കടുത്ത ജാഗ്രത പുലര്‍ത്തണമെന്ന് യു കെ എച്ച് എസ് എയുടെ മുന്നറിയിപ്പില്‍ പറയുന്നു. മലിനമായ വെള്ളം കുടിക്കുകയോ നീന്തല്‍കുളങ്ങളിലോ അരുവികളിലോ കുളിക്കുന്നതിലൂടെയോ അണുബാധ ഉണ്ടാകാം . ഡെവോണ്‍ പ്രദേശത്ത് 22 പേരെ കൂടാതെ ബ്രിക്സ്ഹാമിലെ താമസക്കാരായ 70 പേര്‍ക്കും വയറിളക്കവും ഛര്‍ദ്ദിയും റിപ്പോര്‍ട്ട് ചെയ്തതിനെക്കുറിച്ച് കൂടുതല്‍ പരിശോധനകളും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
സമീപകാലത്തുണ്ടായ വെള്ളപ്പൊക്കവും കാലാവസ്ഥ വ്യതിയാനവുമാണ് ജലജന്യ രോഗങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഇതോടൊപ്പം വില്ലന്‍ ചുമയും കോവിഡിന്റെ പുതിയ വേരിയന്റും ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഫ്ലെര്‍ട്ട് എന്ന് പേരിട്ടിരിക്കുന്ന പുതിയ വേരിയന്റ് ഇപ്പോള്‍ നിരീക്ഷണത്തിലാണ്. നിലവിലെ പുതിയ കേസുകളില്‍ ഏകദേശം 30 ശതമാനവും ഈ വേരിയന്റ് മൂലമാണ്. സ്പ്രിംഗ് സീസണില്‍ കുറഞ്ഞ ശേഷം യുകെയില്‍ ഇന്‍ഫെക്ഷന്‍ നിരക്ക് വര്‍ദ്ധിച്ച് വരികയാണ്.
വില്ലന്‍ ചുമ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ അപ്പോയിന്റ്‌മെന്റുകള്‍ക്ക് എത്തുന്ന രോഗികള്‍ മാസ്‌ക് ധരിക്കാന്‍ ജിപി സര്‍ജറികള്‍ നിര്‍ദ്ദേശിച്ചിരുന്നു . ഇംഗ്ലണ്ടിലും, വെയില്‍സിലുമായി ഇന്‍ഫെക്ഷന്‍ ബാധിച്ച് ആറു കുഞ്ഞുങ്ങളാണ് ഇതുവരെ മരിച്ചിട്ടുള്ളത്. പെര്‍ടുസിസ് അല്ലെങ്കില്‍ 100 ദിന ചുമയെന്ന് അറിയപ്പെടുന്ന ഇന്‍ഫെക്ഷന്‍ ബാധിച്ച 3000 കേസുകളാണ് ഇതിനകം സ്ഥിരീകരിച്ചിട്ടുള്ളത്.