നാട്ടുവാര്‍ത്തകള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിച്ച 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ

കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിച്ച നാലു വയസുകാരിയുടെ നാവില്‍ ശസ്ത്രക്രിയ ചെയ്‌തെന്ന് പരാതി. കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെയാണ് ഗുരുതര ചികിത്സാപ്പിഴവ് ആരോപണം. കോഴിക്കോട് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിനിയായ 4 വയസുകാരിക്കാണ് ശസ്ത്രക്രിയ മാറി ചെയ്തത്.

കയ്യിലെ ആറാംവിരല്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കായെത്തിയ കുട്ടിയുടെ നാവില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. സംഭവത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ മാപ്പ് പറഞ്ഞുവെന്നും കുടുംബം പറയുന്നു. പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാം വിരല്‍ നീക്കം ചെയ്യുകയായിരുന്നു.

കുട്ടിയെ ശസ്ത്രക്രിയക്കായി കൊണ്ടുപോയപ്പോള്‍ ഒപ്പം വീട്ടുകാര്‍ ഉണ്ടായിരുന്നില്ല. പിന്നീട് ശസ്ത്രക്രിയ പൂര്‍ത്തിയായി എന്ന് പറഞ്ഞ് നഴ്സ് വാര്‍ഡിലേക്ക് കൊണ്ടുവരുകയായിരുന്നു. വായില്‍ പഞ്ഞി തിരുകിയത് കണ്ടപ്പോഴാണ് വീട്ടുകാര്‍ കാര്യം അറിയുന്നത്. കയ്യിലെ തുണി മാറ്റി നോക്കിയപ്പോല്‍ ആറാം വിരല്‍ അതുപോലെയുണ്ടായിരുന്നു. കൈക്കാണ് ചെയ്യേണ്ടതെന്ന് മാറിപ്പോയെന്നും പറഞ്ഞപ്പോള്‍ ചിരിച്ചുകൊണ്ടാണ് നഴ്സിന്‍റെ പ്രതികരണമെന്നും വീട്ടുകാര്‍ ആരോപിച്ചു.

വളരെ നിസാരമായാണ് സംഭവം എടുത്തതെന്നും വീട്ടുകാര്‍ പറയുന്നു. അവയവം മാറി ശസ്ത്രക്രിയ ചെയ്തത് തന്റെ പിഴവുകൊണ്ടാണെന്ന് ഡോക്ടര്‍ സമ്മതിച്ചു. ഇക്കാര്യം വ്യക്തമാക്കി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് ഡോക്ടര്‍ കത്ത് നല്‍കി. ശസ്ത്രക്രിയ കൊണ്ട് കുട്ടിക്ക് ഭാവിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാവില്ലെന്നും ഡോക്ടര്‍ സൂപ്രണ്ടിന് എഴുതി നല്‍കി.

അതേസമയം, ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടി കുടുംബം സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ട്. ഡോക്ടറെ സസ്പെന്‍ഡ് ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കുട്ടിക്ക് ഭാവിയില്‍ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാല്‍ ആശുപത്രി അധികൃതര്‍ ഏറ്റെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ അധികൃതരില്‍ നിന്ന് കൃത്യമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നും വീട്ടുകാര്‍ പറഞ്ഞു. മറ്റേതെങ്കിലും കുട്ടിയുമായി മാറിപ്പോയതാണോ രേഖകള്‍ മാറിപ്പോയതാണോ തുടങ്ങിയ കാര്യങ്ങളിലൊന്നും വ്യക്തതയില്ല. അതേസമയം, കുട്ടിയുടെ നാവിനും തടസം ഉണ്ടായിരുന്നതായി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് വിശദീകരിച്ചു. ഇക്കാര്യം നേരത്തെ കണ്ടെത്തിയിരുന്നോ എന്ന് വ്യക്തമല്ല. എങ്കിലും എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കും എന്നും സൂപ്രണ്ട് വ്യക്തമാക്കി.

  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  • 'ഉമ്മന്‍ചാണ്ടി അഭിമുഖത്തിന്റെ പേരാണത്'- മോഹന്‍ലാല്‍-മുഖ്യമന്ത്രി അഭിമുഖത്തില്‍ വി ഡി സതീശന്‍
  • യുപിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; മത പുസ്തകങ്ങളും സംഗീത ഉപകരണങ്ങളും പിടിച്ചെടുത്തു
  • തന്റെ അറസ്റ്റിനു പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാരം; ഗുരുതര ആരോപണവുമായി തന്ത്രി കണ്ഠര് രാജീവര്
  • യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പിറവം സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി: മലയാളി അറസ്റ്റില്‍
  • ഇനി നിയമസഭ തിരഞ്ഞെടുപ്പിനില്ലെന്നു കെ ബാബു; തൃപ്പൂണിത്തുറയില്‍ പുതിയ ആള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions