സ്ത്രീകളോട് ലൈംഗികാതിക്രമം; ഡോക്ടറെ ജോലിയില്‍ നിന്ന് വിലക്കി
സ്ത്രീകളോട് ലൈംഗികമായി പെരുമാറിയതിനെ തുടര്‍ന്ന് ഡോക്ടറെ ജോലിയില്‍ നിന്ന് വിലക്കി. ജനറല്‍ മെഡിക്കല്‍ കൗണ്‍സിലിലും (ജിഎംസി) ഗ്രേറ്റ് വെസ്റ്റേണ്‍ ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിലും നിരവധി സ്ത്രീകള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് സ്വിന്‍ഡനില്‍ ജോലി ചെയ്തിരുന്ന ഡോ. തോമസ് പ്ലിമ്മറിനെ മെഡിക്കല്‍ രജിസ്റ്ററില്‍ നിന്ന് നീക്കം ചെയ്യാന്‍ മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് ട്രിബ്യൂണല്‍ സര്‍വീസ് (എംപിടിഎസ്) തീരുമാനിച്ചത്. നിരവധി ആരോപണങ്ങളാണ് ഇയാള്‍ക്ക് നേരിടേണ്ടി വന്നത്. മിക്കവാറും ആരോപണങ്ങളുടെ ഉത്തരവാദിത്വം ഡോക്ടര്‍ ഏറ്റെടുത്തതായി ആണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
രോഗിയുമായി തുടര്‍ച്ചയായുണ്ടായ അനുചിത പ്രവര്‍ത്തികളെ തുടര്‍ന്ന് ഒട്ടനവധി ആരോപണങ്ങളാണ് ഇയാള്‍ക്ക് എതിരെ ഉയര്‍ന്ന് വന്നത്. ഒരു സ്ത്രീക്ക് അശ്ലീല വീഡിയോ അയച്ചതായുള്ള കുറ്റവും ഡോക്ടര്‍ സമ്മതിച്ചിട്ടുണ്ട്. ഇത് കൂടാതെ ജോലി സമയത്ത് സഹപ്രവര്‍ത്തകയുമായി ഇയാള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതായും ആരോപണങ്ങളുണ്ട്.
പലരും ഡോക്ടര്‍ തങ്ങളുമായുള്ള സൗഹൃദം ദുരുപയോഗം ചെയ്തു എന്നാണ് പരാതി പെട്ടിരിക്കുന്നത്. തന്റെ മോശം പെരുമാറ്റം റിപ്പോര്‍ട്ട് ചെയ്താല്‍ കനത്ത തിരിച്ചടി അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായി പേരു വെളിപ്പെടുത്താത്ത ഒരു സ്ത്രീ പോലീസിനോട് പറഞ്ഞു. ഇയാളുടെ മോശം പെരുമാറ്റം മെഡിക്കല്‍ പ്രൊഫഷന് അപകീര്‍ത്തികരമാണെന്ന് ട്രൈബ്യൂണല്‍ പറഞ്ഞു. താന്‍ കൂടുതല്‍ ലൈംഗികാസക്തി ഉള്ള വ്യക്തിയാണെന്ന് വാദിച്ച് പ്രതിരോധിക്കാനാണ് ട്രൈബ്യൂണലില്‍ ഡോക്ടര്‍ ശ്രമിച്ചത്.