കാന്‍സര്‍ ചികിത്സയിലിരിക്കെ പീറ്റര്‍ബറോയില്‍ അന്തരിച്ച സ്‌നോബിമോള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി. മലയാളികളും തദ്ദേശീയരുമായ വന്‍ ജനാവലിയാണ് അന്ത്യയാത്രക്ക് സാക്ഷികളായി ദേവാലയത്തിലും സെമിത്തേരിയിലും അന്ത്യപോപചാര ശുശ്രൂഷകളിലും ശവസംസ്കാര ചടങ്ങുകളിലും പങ്കുചേര്‍ന്നത്.
പീറ്റര്‍ബറോ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് സിറോമലബാര്‍ മിഷന്‍ വികാരി ഫാ. ഡാനി മോലോപറമ്പില്‍ സ്വാഗതം അറിയിച്ച ശേഷം തുടങ്ങിയ അന്ത്യോപചാര ശുശ്രൂഷകള്‍ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതയുടെ അധ്യക്ഷന്‍ മാര്‍ സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു കുര്‍ബ്ബാനയ്ക്കിടയില്‍ സംസാരിച്ച മാര്‍ സ്രാമ്പിക്കല്‍, സ്‌നോബി പ്രാര്‍ഥനയിലൂടെയും സഹനങ്ങളിലൂടെയുമാണ് ജീവിച്ചിരുന്നിതെന്നും നിത്യ സമാധാനത്തിലേക്കാണ് യാത്രയായതെന്നും പറഞ്ഞു. ഫാ. ടോം ഓലിക്കരോട്ട്, ഫാ. ഡാനി, ഫാ. ജിനു, ഫാ. ആദം എന്നിവര്‍ ചടങ്ങില്‍ സഹകാര്‍മ്മികരായി.
നിരവധി സ്വപ്നങ്ങളുമായി യുകെയില്‍ എത്തിയ സ്‌നോബിമോള്‍ക്ക്, ജോലി തുടങ്ങി രണ്ടു മാസം മാത്രം പിന്നിടുമ്പോള്‍ ബോണ്‍ കാന്‍സര്‍ സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സ തുടങ്ങിയിരുന്നെങ്കിലും, രോഗം പെട്ടെന്ന് വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു കോട്ടയം അറുനൂറ്റിമംഗലം കരികുളത്തില്‍ വര്‍ക്കി ചാക്കോയുടെയും പരേതയായ ഏലിക്കുട്ടി വര്‍ക്കിയുടെയും ഇളയ മകളായിരുന്നു സ്‌നോബിമോള്‍.
ലില്ലി ജോയി, ആനിയമ്മ മാത്യു, മോളി സൈമണ്‍ (യു കെ), ലിസമ്മ ജോയി എന്നിവരാണ് സഹോദരിമാര്‍.
സ്‌നോബിമോളുടെ ഭര്‍ത്താവ് സനില്‍ കോട്ടയം പാറമ്പുഴ കാളിച്ചിറ സ്വദേശിയായ ജോസഫ്-റോസമ്മ ദമ്പതികളുടെ മകനാണ്. സനില്‍ പീറ്റര്‍ബറോയിലെ ഒരു നഴ്സിങ് ഹോമില്‍ ഷെഫ് ആയി ജോലി ചെയ്യുന്നു. ഏക മകന്‍ ആന്റോ വിദ്യാര്‍ഥിയാണ്. സ്‌നോബിയുടെ സഹോദരി മോളി സൈമണ്‍ കുടുംബസഹിതം പീറ്റര്‍ബറോയില്‍ താമസിക്കുന്നു.
സ്‌നോബിയുടെ കുടുംബങ്ങളെ പ്രതിനിധീകരിച്ച് ജോജി മാത്യു കരികുളം ചടങ്ങുകളില്‍ പങ്കെടുത്തവര്‍ക്ക് നന്ദി രേഖപ്പെടുത്തി.