കഴിഞ്ഞ വര്‍ഷം ജിസിഎസ്ഇ, എ-ലെവല്‍ പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന തട്ടിപ്പുകളുടെ എണ്ണത്തില്‍ 20 ശതമാനത്തോളം വര്‍ധനയുണ്ടായതായി കണ്ടെത്തല്‍. സ്വന്തം കോഴ്‌സ് വര്‍ക്ക് ഉള്‍പ്പെടെ എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ ചാറ്റ് ജിപിടി പോലുള്ളവ ഉപയോഗിക്കുന്നതായി ആശങ്കപ്പെടുന്നതിനിടെയാണ് ഇത്.
2023-ല്‍ പരീക്ഷകളില്‍ വഞ്ചന കാണിക്കുന്ന സംഭവങ്ങളില്‍ 18 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്. കോവിഡിന് മുന്‍പുള്ള പരീക്ഷകളെ അപേക്ഷിച്ച് 54 ശതമാനത്തിന്റെ വര്‍ദ്ധനവാണ് സംഭവിച്ചത്. പരീക്ഷാ ഹാളിലേക്ക് കോപ്പിയടിക്കാന്‍ തുണ്ട് പേപ്പറുകളും, മൊബൈല്‍ ഫോണും കടത്തുന്നതാണ് പ്രധാന രീതി.
എക്‌സാം പേപ്പറുകളില്‍ അശ്ലീലം എഴുതുക, ടെസ്റ്റുകള്‍ക്ക് പകരക്കാരെ ഇറക്കുക, ടെസ്റ്റ് എടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ കാത്തിരിക്കുമ്പോള്‍ എക്‌സാം പേപ്പര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുക തുടങ്ങിയവയാണ് മറ്റ് കേസുകള്‍. ഇതിന് പുറമെ വിദ്യാര്‍ത്ഥികള്‍ എഐ ഉപയോഗപ്പെടുത്തി തട്ടിപ്പ് നടത്തുകയും, കോഴ്‌സ് വര്‍ക്കില്‍ കൂടുതല്‍ മാര്‍ക്ക് നേടാനുമാണ് ഈ പരിപാടി.
നേരത്തെ ഇന്റര്‍നെറ്റില്‍ നിന്നും മെറ്റീരിയല്‍ കോപ്പിയടിക്കുകയാണ് ചെയ്തിരുന്നതെങ്കിലും നൂതനമായ എഐ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് സ്വന്തം രീതിയിലുള്ള ഉത്തരങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ സാധിക്കും. ചാറ്റ് ജിപിടി പോലുള്ളവ എസ്സെകള്‍ ഉള്‍പ്പെടെ എളുപ്പത്തില്‍ തയ്യാറാക്കി നല്‍കും.
എഐയുടെ സഹായം തേടുന്നുവെന്ന് വ്യക്തമാക്കുന്ന വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് നഷ്ടപ്പെടുന്ന സംഭവങ്ങളും ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതോടെ കോഴ്‌സ് വര്‍ക്കില്‍ നിന്നും വിദ്യാര്‍ത്ഥികളുടെ മികവ് തിരിച്ചറിയുന്നത് ബുദ്ധിമുട്ടായിരിക്കുകയാണ്.