ഡിവോണില്‍ മലിന ജലം മൂലം ഉണ്ടായ പാരാസൈറ്റ് ബാധയെ തുടര്‍ന്ന് രണ്ട് പേര്‍ കൂടി ആശുപത്രിയിലായി. ഇതോടെ കൂടുതല്‍ പേര്‍ രോഗം ബാധിച്ച് ആശുപത്രിയിലാകാനുള്ള സാധ്യതയാണ് തെളിയുന്നത്. പ്രത്യേകിച്ച് രോഗലക്ഷണങ്ങള്‍ പുറത്തുവരാന്‍ 10 ദിവസം വരെ വേണ്ടിവരുന്നതാണ് ഇതില്‍ പ്രധാനമാകുന്നത്.
ഇതിനകം 46 കേസുകളാണ് ക്രിപ്‌റ്റോസ്‌പൊറിഡിയം ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുള്ളത്. വയറ്റിളക്കം, ശര്‍ദ്ദില്‍ പോലുള്ള ലക്ഷണങ്ങള്‍ ബാധിക്കുന്ന അസുഖം വെള്ളത്തില്‍ നിന്നാണ് പടരുന്നതെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പറയുന്നു. രണ്ട് പേരാണ് നിലവില്‍ ആശുപത്രിയിലായിട്ടുള്ളതെന്ന് എന്‍വയോണ്‍മെന്റ് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേ പറഞ്ഞു.
അതേസമയം 45 കേസുകള്‍ സ്ഥിരീകരിച്ചുവെന്ന കണക്കുകള്‍ തെറ്റാണെന്ന് ബ്രക്‌സിഹാം ഉള്‍പ്പെടുന്ന ടോട്‌നസ് മണ്ഡലത്തിലെ കണ്‍സര്‍വേറ്റീവ് എംപി ആന്തണി മാഗ്നെല്‍ പറഞ്ഞു. സൗത്ത് വെസ്റ്റ് വാട്ടറാണ് ആളുകളെ രോഗികളാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്ഥിതി ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് എംപി ചൂണ്ടിക്കാണിച്ചു.
എസ് ഡബ്യു ഡബ്യു വെള്ളം വിതരണം ചെയ്യുന്ന ബ്രിക്‌സാമിലെ 16,000 കുടുംബങ്ങളും, ബിസിനസ്സുകളുമാണ് പ്രതിസന്ധി നേരിട്ടതെന്നാണ് ഗവണ്‍മെന്റ് കണക്കുകള്‍. ഇവരോട് ടാപ്പ് വെള്ളം തിളപ്പിച്ച് ആറാതെ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇപ്പോള്‍ വെള്ളം തിളപ്പിക്കുന്ന വീടുകളുടെ എണ്ണം 85% കുറച്ചിട്ടുണ്ട്.