ലണ്ടന്‍, സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ട് മേഖലകളില്‍ ഇടിമിന്നലോട് കൂടിയ അതിതീവ്ര മഴയ്ക്കുള്ള അടിയന്തര മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്. പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും, പവര്‍കട്ട്, യാത്രാ ദുരിതം എന്നിവയ്ക്കും ഈ കാലാവസ്ഥാ മാറ്റം വഴിയൊരുക്കുമെന്നാണ് രാജ്യത്തെ ലക്ഷക്കണക്കിന് പേരെ ബാധിക്കുന്ന മുന്നറിയിപ്പില്‍ പറയുന്നത്.
ഗ്രേറ്റര്‍ ലണ്ടന്‍, സസെക്‌സ്, കെന്റ്, ഹാംപ്ഷയര്‍, സറേ എന്നിവിടങ്ങളില്‍ 12 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കിയിരിക്കുന്നത്. വെള്ളപ്പൊക്കവും, ഇടിമിന്നലും ട്രെയിന്‍, ബസ് സര്‍വ്വീസുകളെ സാരമായി ബാധിക്കുമെന്നാണ് അറിയിപ്പ്.
ഒരു മണിക്കൂറില്‍ 30 എംഎം വരെ മഴ പെയ്യാനുള്ള സാധ്യതയാണുള്ളത്. അതേസമയം മറ്റ് ചില മേഖലകളില്‍ രണ്ട്, മൂന്ന് മണിക്കൂറില്‍ 40-50 എംഎം വരെ മഴയും പെയ്യുമെന്ന് അറിയിപ്പില്‍ പറയുന്നു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും, ആലിപ്പഴ വര്‍ഷവും പ്രതീക്ഷിക്കുന്നതിനാല്‍ പവര്‍കട്ടിനും സാധ്യതയുണ്ട്. സാരമായ കാലാവസ്ഥാ മാറ്റം മൂലം തടസ്സങ്ങള്‍ നേരിടാമെന്നാണ് ബിസിനസ്സുകള്‍ക്കുള്ള മുന്നറിയിപ്പ്.
ഈസ്റ്റ്, വെസ്റ്റ് കോസ്റ്റ് ഇംഗ്ലണ്ട് മേഖലകളില്‍ മഴയ്ക്കുള്ള മഞ്ഞ ജാഗ്രതാ മുന്നറിയിപ്പാണ് നിലവില്‍ വന്നിരിക്കുന്നത്. ഇവിടെ വെള്ളപ്പൊക്കം മൂലം ജീവന്‍ അപകടത്തിലാകാനുള്ള സാധ്യതയും കാണുന്നു. ലണ്ടന്‍ ഉള്‍പ്പെടെ സൗത്ത് വെസ്റ്റ് മേഖലകളില്‍ രാത്രി 11.59 വരെ മഞ്ഞജാഗ്രത ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് നല്‍കിയിരിക്കുന്നത്.
കോണ്‍വാള്‍, ഡിവോണ്‍, ഡോര്‍സെറ്റ്, പ്ലൈമൗത്ത്, സോമര്‍സെറ്റ്, ടോര്‍ബേ, നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ വെസ്‌റ്റേണ്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ രാത്രി 9 വരെയും രണ്ട് മുന്നറിയിപ്പുകള്‍ നിലവിലുണ്ട്. താപനില 22 സെല്‍ഷ്യസ് വരെ ഉയര്‍ന്ന ശേഷമാണ് മഴയുടെ വരവ്.