ലണ്ടന്‍: പറഞ്ഞതിലും നേരത്തെ ബ്രിട്ടനില്‍ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി റിഷി സുനാക്. ജൂലൈ 4 ന് ആണ് പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാസതിയായ ഡൗണിങ് സ്ട്രീറ്റിന് പുറത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് റിഷി സുനക് പൊതുതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.
കോവിഡ് പാന്‍ഡെമിക്, ഫര്‍ലോ സ്കീം, യുക്രെയ്നിലെ യുദ്ധം എന്നിവയെക്കുറിച്ച് പരാമര്‍ശിച്ച ശേഷം നിങ്ങള്‍ ആരെയാണ് വിശ്വസിക്കുന്നത്? എന്ന ചോദ്യമാണ് സുനക് പ്രധാനമായും പൊതുജനങ്ങളോട് ഉന്നയിച്ചത്. എന്‍എച്ച്എസ്, വിദ്യാഭ്യാസ മേഖല എന്നിവയില്‍ ഉള്‍പ്പെടെ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ നടപ്പിലാക്കിയ നേട്ടങ്ങളില്‍ അഭിമാനമുണ്ടെന്ന് സുനക് പറഞ്ഞത്.
ഡൗണിംഗ് സ്ട്രീറ്റില്‍ മഴയെ അവഗണിച്ച് കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഈ നീക്കം വളരെ രഹസ്യമായിരുന്നതിനാല്‍ പാര്‍ട്ടി എംപിമാരും ഞെട്ടലിലായി. വിയന്ന യാത്ര കഴിഞ്ഞ മടങ്ങിയെത്തിയ സുനാക് ഫോറിന്‍ സെക്രട്ടറി ലോര്‍ഡ് കാമറൂണ്‍, ഡിഫന്‍സ് സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് എന്നിവരെ അടിയന്തര ക്യാബിനറ്റ് യോഗത്തിനായി തിരിച്ചുവിളിച്ചതോടെ അഭ്യൂഹങ്ങള്‍ പടരാന്‍ തുടങ്ങിയിരുന്നു.
കണ്‍സര്‍വേറ്റീവുകള്‍ക്കാണ് സാമ്പത്തിക സ്ഥിരത നല്‍കാന്‍ കഴിയുകയെന്ന് നമ്മള്‍ രാജ്യത്തിന് കാണിച്ച് കൊടുത്ത് കഴിഞ്ഞു. ലേബറിനെ ചുമതല ഏല്‍പ്പിച്ചാല്‍ പണം കാലിയാകുമെന്നും, നികുതികള്‍ വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് ആവര്‍ത്തിച്ചു.
രാജ്യം കാത്തിരിക്കുന്ന നിമിഷമാണ് പൊതു തിരഞ്ഞെടുപ്പെന്ന് മുഖ്യ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി നേതാവ് കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. ക്ഷമയോടും നിശ്ചയദാര്‍ഢ്യത്തോടും കൂടി പ്രവര്‍ത്തിക്കുന്ന ലേബര്‍ പാര്‍ട്ടിക്ക് വളരെയധികം അഭിമാനവും സാധ്യതയും സ്റ്റാർമർ പറഞ്ഞു. മെയ് 3 ന് നടന്ന പ്രാദേശിക കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചു വരവാണ് ലേബർ പാർട്ടി നടത്തിയത്.
ഭരണപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കൗൺസിലര്‍മാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. രണ്ടാം സ്ഥാനത്ത് എത്തിയത് ലിബറല്‍ ഡെമോക്രറ്റിക് പാർട്ടിയാണ്. സര്‍വേകളെല്ലാം ലേബറിന് വലിയ മുന്‍തൂക്കമാണ് പ്രവചിക്കുന്നത്.