പ്രധാനമന്ത്രി റിഷി സുനാക് അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മര്‍. താന്‍ പ്രധാനമന്ത്രിയായാല്‍ ബ്രിട്ടനില്‍ മാറ്റം കൊണ്ടുവരുമെന്നാണ് ലേബര്‍ നേതാവിന്റെ വാഗ്ദാനം. ജൂലൈ 4ന് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് സുനാക് ഞെട്ടിച്ചതിന് പിന്നാലെയാണ് മധ്യ ലണ്ടനില്‍ ലേബര്‍ നേതാവ് ഹൃസ്വമായ അഭിസംബോധന നടത്തിയത്.
വരാനിരിക്കുന്ന മത്സരം രാജ്യത്തിന്റെ ആവശ്യമാണെന്ന് സ്റ്റാര്‍മര്‍ അവകാശപ്പെട്ടു. തന്റെ പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ ലേബര്‍ നേതാവ് വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു. അഭിപ്രായ സര്‍വ്വെകളില്‍ വലിയ ലീഡാണ് പാര്‍ട്ടിക്കുള്ളത്. ആറാഴ്ച മാത്രമാണ് യുകെയിലെ തെരഞ്ഞെടുപ്പ് പാര്‍ട്ടികള്‍ തമ്മിലുള്ള അന്തിമപോരാട്ടത്തിന് ഇനി ബാക്കിയുള്ളത്.
'ഇതൊരു സുദീര്‍ഘ പ്രചരണമായി തോന്നുമെന്ന് ഉറപ്പാണ്. എന്ത് പറഞ്ഞാലും, ചെയ്താലും ഈ തെരഞ്ഞെടുപ്പ് ഒരു മാറ്റത്തിനുള്ള അവസരമാണ്', സ്റ്റാര്‍മര്‍ പറഞ്ഞു. 14 വര്‍ഷമായി നീളുന്ന വെസ്റ്റ്മിന്‍സ്റ്ററിലെ കണ്‍സര്‍വേറ്റീവ് ഭരണം ഓര്‍മ്മപ്പെടുത്തി 'മാറ്റം' എന്ന ആപ്തവാക്യം മുന്‍നിര്‍ത്തിയാണ് ലേബര്‍ നേതാവ് പ്രസംഗിച്ചത്.
സാമ്പത്തിക ശക്തി കണ്‍സര്‍വേറ്റീവുകളുടെ സംഭാവനയാണെന്ന വാദം സ്റ്റാര്‍മര്‍ തള്ളി. 'രാജ്യത്തൊന്ന് കണ്ണോടിക്കാം. നദികളില്‍ നിറയെ മാലിന്യമാണ്. ആളുകള്‍ എ&ഇയില്‍ ട്രോളികളില്‍ കാത്തിരിക്കുന്നു. കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷയില്ല. മോര്‍ട്ട്‌ഗേജും, ഭക്ഷ്യവിലയും കുതിച്ചുയര്‍ന്നു. ഇതെല്ലാം ടോറികള്‍ വരുത്തിവെച്ച ദുരന്തമാണ്. ഇവര്‍ക്ക് 5 വര്‍ഷം കൂടി ലഭിച്ചാല്‍ ഇതെല്ലാം തങ്ങളുടെ അവകാശമാണെന്ന് ചിന്തിക്കും, മാറ്റമുണ്ടാകില്ല', സ്റ്റാര്‍മര്‍ മുന്നറിയിപ്പ് നല്‍കി.