യുകെയില്‍ നല്ലൊരു ശതമാനം വീടുകളിലെയും സ്മാര്‍ട്ട് മീറ്ററുകളും ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്നു കണക്കുകള്‍. സിറ്റിസണ്‍സ് അഡ്‌വൈസില്‍ നിന്നുള്ള കണക്കുകള്‍ അനുസരിച്ച് ശരിയായി പ്രവര്‍ത്തിക്കാത്ത ഗ്യാസ്, ഇലക്‌ട്രിസിറ്റി സ്‌മാര്‍ട്ട് മീറ്ററുകളുടെ എണ്ണം സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നതിലും കൂടുതലാണ് . ഇത് മൊത്തം സ്മാര്‍ട്ട് മീറ്ററുകളുടെ 20% മുതല്‍ 30 % വരെ ആയിരിക്കുമെന്നാണ് കണക്കാക്കുന്നത്.
സ്മാര്‍ട്ട് മീറ്ററുകളിലെ തകരാറും സാങ്കേതികവിദ്യയിലെ പ്രശ്നങ്ങളും കാരണം ദശലക്ഷ കണക്കിന് കുടുംബങ്ങള്‍ക്ക് സ്മാര്‍ട്ട് മീറ്ററുകളില്‍ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുകയാണെന്ന് ചാരിറ്റി പറഞ്ഞു. തങ്ങളുടെ ഗ്യാസ്, വൈദ്യുതി ഊര്‍ജ്ജ ഉപയോഗം കുറയ്ക്കുന്നതിനും നിരീക്ഷിക്കുന്നതിനും വീടുകളിലെ സ്മാര്‍ട്ട് മീറ്ററുകള്‍ വഴി സാധ്യമാകും. എന്നാല്‍ പല സ്മാര്‍ട്ട് മീറ്ററുകളുടെയും ഡിസ്പ്ലേകള്‍ പ്രവര്‍ത്തിക്കാത്തത് കൊണ്ട് ഇത് സാധ്യമാകുന്നില്ലെന്ന പരാതികള്‍ വ്യാപകമാണ്. സര്‍വേയില്‍ പങ്കെടുത്ത 31 ശതമാനം ആള്‍ക്കാരും അവരുടെ സ്മാര്‍ട്ട് മീറ്ററുകളുടെ ഡിസ്പ്ലേയ്ക്ക് പ്രശ്നമുണ്ടെന്നാണ് രേഖപ്പെടുത്തിയത് .
ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എനര്‍ജി സെക്യൂരിറ്റി, നെറ്റ് സീറോ എന്നിവയില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് കഴിഞ്ഞ വര്‍ഷം അവസാനം വരെ ബ്രിട്ടനില്‍ 3.98 മില്യണ്‍ സ്മാര്‍ട്ട് മീറ്ററുകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ല. സ്മാര്‍ട്ട് മീറ്ററുള്ള 20% വീടുകളും അവരുടെ ഉപകരണം ശരിയായി പ്രവര്‍ത്തിക്കാത്തതിനാല്‍ ഇപ്പോഴും മാനുവല്‍ മീറ്റര്‍ റീഡിംഗുകള്‍ പതിവായി സമര്‍പ്പിക്കേണ്ടതുണ്ട്. യുകെയിലുടനീളമുള്ള 4,000 ഗാര്‍ഹിക ഊര്‍ജ്ജ ഉപഭോക്താക്കളെ ഉള്‍പ്പെടുത്തി 2023 ഓഗസ്റ്റ് മുതല്‍ ഒക്‌ടോബര്‍ വരെ നടത്തിയ ഒരു സര്‍വേയിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.