പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍
കാസര്‍കോട്: പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. കുടക് സ്വദേശിയായ മുപ്പത്തിയഞ്ചുകാരനാണ് പിടിയിലായത്. ആന്ധ്രയില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതി വീട്ടിലേക്ക് വിളിച്ചതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. പ്രതിക്ക് സ്വന്തമായി ഫോണില്ല. മറ്റൊരാളുടെ ഫോണില്‍ നിന്നാണ് ഇയാള്‍ വീട്ടിലേക്ക് വിളിച്ചത്. കുടകില്‍ താമസിക്കുന്ന സമയത്ത് മാതാവിന്റെ ഫോണായിരുന്നു പ്രതി ഉപയോഗിച്ചിരുന്നത്.
ഒളിവില്‍ കഴിയുന്ന പ്രതിയുടെ കൈയില്‍ ഫോണില്ലാത്തത് അന്വേഷണ സംഘത്തെ വലച്ചിരുന്നു. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ സാധിച്ചിരുന്നില്ല. മറ്റൊരാളുടെ ഫോണില്‍ നിന്ന് ഭാര്യയെ വിളിച്ചതാണ് പൊലീസിന് കച്ചിത്തുരുമ്പായത്. ഈ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോഴാണ് ആന്ധ്രാപ്രദേശില്‍ നിന്നാണെന്ന് മനസിലായത്.
തുടര്‍ന്ന് പൊലീസ് അന്ധ്രയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്ന് രാത്രിയോടെ ഇയാളെ കാഞ്ഞങ്ങാട് എത്തിക്കും. നാളെ വിശദമായി ചോദ്യം ചെയ്തശേഷമായിരിക്കും അറസ്റ്റിലേക്ക് കടക്കുക. പ്രതി വളരെ വിചിത്ര സ്വഭാവക്കാരനാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദിവസങ്ങളോളം ഒരേ വസ്‌ത്രമായിരുന്നു ഇയാള്‍ ധരിച്ചിരുന്നത്. പോക്‌സോ, പിടിച്ചുപറി അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ഇയാളെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ മാസം പതിനഞ്ചിന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പടന്നക്കാട് തീരദേശ മേഖലയിലെ വീട്ടില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയത്. വീടിന് അരക്കിലോമീറ്റര്‍ അകലെവച്ച് പീഡിപ്പിച്ച ശേഷം കമ്മല്‍ ഊരിയെടുത്ത് പ്രതി കടന്നു കളയുകയായിരുന്നു.
കണ്ണിനും കഴുത്തിനും പരിക്കേറ്റ പെണ്‍കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ നാട്ടുകാരാണ് കണ്ടെത്തിയത്. മോഷണമാണ് പ്രതിയുടെ ലക്ഷ്യമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കിയതോടെയാണ് പീഡനം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയത്. പ്രതി മലയാളം സംസാരിക്കുന്ന മെലിഞ്ഞയാളാണെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. കള്ളിമുണ്ടും ഷര്‍ട്ടും മാസ്‌കും ധരിച്ചിരുന്നുവെന്നും പത്തുവയസുകാരി പൊലീസിനോട് പറഞ്ഞിരുന്നു.
മുത്തച്ഛന്‍ വീടിന്റെ പിന്‍വാതില്‍ തുറന്ന് പശുവിനെ കറക്കാന്‍ പുറത്തിറങ്ങിയപ്പോള്‍, ഇതുവഴിയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അതിനാല്‍ത്തന്നെ കുട്ടി കിടക്കുന്ന സ്ഥലവും മുത്തച്ഛന്‍ പശുവിനെ കറക്കാന്‍ പോകുന്ന സമയവും കൃത്യമായി നിശ്ചയമുള്ളയാളാണ് പ്രതിയെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതില്‍ പ്രതിയുടെ മുഖം വ്യക്തമായിരുന്നില്ലെങ്കിലും വസ്‌ത്രങ്ങളും, നടക്കുന്ന രീതിയും കണ്ട് പ്രദേശവാസിയാണ് ഇയാളെ തിരിച്ചറിഞ്ഞത്.