തെരഞ്ഞെടുപ്പിന് മുമ്പ് സുനാകിന് തിരിച്ചടി സമ്മാനിച്ചു മന്ത്രി മൈക്കിള്‍ ഗോവ്; മത്സരിക്കാനില്ലെന്ന് പ്രഖ്യാപനം
പൊതുതെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചതോടെ ടോറികള്‍ക്കുള്ളില്‍ ഭിന്നത രൂക്ഷമായി. പല മുന്‍ മന്ത്രിമാരും, എംപിമാരും അടക്കം വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. ഇപ്പോഴിതാ സുനാകിന് കനത്ത ആഘാതം നല്‍കിക്കൊണ്ട് ക്യാബിനറ്റ് മന്ത്രി മൈക്കിള്‍ ഗോവും ആ വഴിയ്ക്കാണെന്നു വ്യക്തമാക്കിയിരിക്കുകയാണ്.
അടുത്ത തെരഞ്ഞെടുപ്പില്‍ മത്സര രംഗത്ത് ഉണ്ടാകില്ലെന്ന് അറിയിച്ച മൈക്കിള്‍ ഗോവ് ഒരുക്കങ്ങള്‍ നടത്തുന്ന സുനാകിന് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. 2015 മുതല്‍ നാല് കണ്‍സര്‍വേറ്റീവ് പ്രധാനമന്ത്രിമാര്‍ക്ക് കീഴില്‍ സേവനം നല്‍കിയ കമ്മ്യൂണിറ്റീസ് സെക്രട്ടറി തന്റെ സറേ ഹീത്തിലെ സീറ്റില്‍ നിന്നും മത്സരിക്കില്ലെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ബോറിസ് ജോണ്‍സന്റെ ബ്രക്‌സിറ്റ് ഹിതപരിശോധന ക്യാംപെയിന്‍ നയിച്ച ശേഷം പാര്‍ട്ടി നേതാവാകാന്‍ മത്സരിച്ചതോടെ 2016-ല്‍ ബോറിസ് ജോണ്‍സനുമായി ഗോവ് തെറ്റിയിരുന്നു. എന്നാല്‍ പല പ്രധാനമന്ത്രിമാര്‍ മാറിമാറി വന്നിട്ടും ഗോവ് സ്ഥാനത്ത് പിടിച്ചുനിന്നു. സറേ ഹീത്ത് കണ്‍സര്‍വേറ്റീവ് അനുകൂല മണ്ഡലമാണെങ്കിലും ലിബറല്‍ ഡെമോക്രാറ്റുകള്‍ ഇത് പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. സുനാക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ നേതാവ് എഡ് ഡേവി ആദ്യം എത്തിയത് ഈ മണ്ഡലത്തിലാണ്.
തെരഞ്ഞെടുപ്പ് മത്സരത്തിനില്ലെന്ന് പ്രഖ്യാപിക്കുന്ന 77-ാമത്തെ കണ്‍സര്‍വേറ്റീവ് എംപിയാണ് മൈക്കിള്‍ ഗോവ്. 1997-ല്‍ ലേബര്‍ പാര്‍ട്ടി ഏകപക്ഷീയ വിജയം കൊയ്ത തെരഞ്ഞെടുപ്പില്‍ ജോണ്‍ മേജറിന് 75 എംപിമാരുടെ പിന്തുണ നഷ്ടമായിരുന്നു. തിരഞ്ഞെടുപ്പിന് ആറാഴ്ച ബാക്കി നില്‍ക്കെ നല്ല മത്സരാര്‍ത്ഥികളെ കൂടി കണ്ടെത്തേണ്ട ബാധ്യതയാണ് സുനാകിനും കൂട്ടര്‍ക്കും ഉള്ളത്.