കാന്‍ ചലച്ചിത്ര മേളയില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടുന്ന ആദ്യത്തെ ഇന്ത്യക്കാരിയായി നടി അനസൂയ സെന്‍ഗുപ്ത. ഷെയിംലെസ് എന്ന ചിത്രത്തിലെ പ്രകടനമാണ് താരത്തെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.
ബള്‍ഗേറിയന്‍ സംവിധായകനായ കോണ്‍സ്റ്റാന്റിന്‍ ബോന്‍ജനോവാണ് ചിത്രം സംവിധാനം ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേല്‍പ്പിച്ച് ഡല്‍ഹിയിലെ വേശ്യാലയത്തില്‍ നിന്ന് രക്ഷപ്പെടുന്ന ലൈംഗിക തൊഴിലാളിയുടെ കഥാപാത്രമായാണ് അനസൂയ എത്തിയത്. ലോകമെമ്പാടും പോരാട്ടം നടത്തുന്ന ക്വീര്‍ കമ്മ്യൂണിറ്റിക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന മറ്റ് വിഭാഗങ്ങള്‍ക്കും തന്റെ പുരസ്‌കാരം സമര്‍പ്പിക്കുന്നു എന്നാണ് താരം പറഞ്ഞത്.
നിരവധി പേരാണ് അനസൂയയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. പ്രൊഡക്ഷന്‍ ഡിസൈനറായാണ് അനസൂയ ശ്രദ്ധിക്കപ്പെടുന്നത്. നെറ്റ്ഫ്ളിക്‌സ് ഷോ മസബ മസബയുടെ സെറ്റ് ഡിസൈന്‍ ചെയ്തതും താരമായിരുന്നു. കൊല്‍ക്കത്ത സ്വദേശിയായ അനസൂയ ഇപ്പോള്‍ ഗോവയിലാണ് താമസിക്കുന്നത്.