തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ തങ്ങള്‍ നിര്‍ബന്ധിത നാഷണല്‍ സര്‍വീസ് തിരിച്ചെത്തിക്കുമെന്ന് പ്രധാനമന്ത്രി റിഷി സുനാക്. 18 വയസ് തികയുന്ന ഓരോ ആണും, പെണ്ണും നിര്‍ദ്ദിഷ്ട സ്‌കീമിന് കീഴില്‍ ഒരു വര്‍ഷം നിര്‍ബന്ധമായും രാജ്യസേവനം നല്‍കണമെന്നാണ് പദ്ധതി. മെയിലിന് എഴുതിയ ലേഖനത്തിലാണ് പ്രധാനമന്ത്രി ഈ പദ്ധതി വെളിപ്പെടുത്തിയത്. ഇതുപ്രകാരം സ്‌കൂള്‍-ലീവേഴ്‌സ് ഒരു വര്‍ഷത്തെ നിര്‍ബന്ധിത സൈനിക സേവനം നല്‍കുകയോ, പോലീസ്, എന്‍എച്ച്എസ് പോലുള്ള സ്ഥാപനങ്ങളില്‍ വോളണ്ടിയറാവുകയോ ചെയ്യണം.
യൂറോപ്പിലെ വിവിധ ഭാഗങ്ങളില്‍ ഈ മോഡല്‍ ഇപ്പോള്‍ നിലവിലുണ്ട്. എന്നിരുന്നാലും ബ്രിട്ടനില്‍ നിര്‍ബന്ധിത രാഷ്ട്ര സേവനം നടപ്പാക്കുന്നത് അഭിപ്രായഭിന്നതയ്ക്ക് ഇടയാക്കും. അതേസമയം തെരഞ്ഞെടുപ്പ് പ്രചരണം നടക്കുന്നതിനിടെ അഭിപ്രായരൂപീകരണത്തിനും വഴിയൊരുക്കും.
ഈ സ്‌കീം പുനരാവിഷ്‌കരിച്ച് നടപ്പാക്കുന്നത് യുവാക്കള്‍ക്ക് ജീവിതം മാറ്റിമറിക്കുന്ന അവസരങ്ങള്‍ നല്‍കുമെന്ന് സുനാക് പറഞ്ഞു. 'ഒരു പിതാവെന്ന നിലയില്‍ എന്റെ സ്വന്തം പെണ്‍മക്കള്‍ നാഷണല്‍ സര്‍വ്വീസ് ചെയ്യുന്നതിനായി ഉറ്റുനോക്കുകയാണ്, അത് ഏറെ ഫലം നല്‍കുന്ന അനുഭവമാകും. പാസ്‌പോര്‍ട്ട് കണ്‍ട്രോളിലെ ക്യൂവില്‍ ചെന്ന് നില്‍ക്കുന്നത് മാത്രമല്ല ബ്രിട്ടീഷുകാരനെന്നതില്‍ അര്‍ത്ഥമാക്കുന്നത്', സുനാക് പറഞ്ഞു.
സ്‌കൂള്‍ വിട്ടിറങ്ങുന്നവരെ നിര്‍ബന്ധിതമായി നാഷണല്‍ സര്‍വ്വീസിന് വിളിക്കുന്നത് വിവാദമാകുമെന്ന് ഉറപ്പാണ്. എന്നാല്‍ 18 വയസ്സുകാരില്‍ ഏകദേശം 10% പേര്‍ മാത്രമാകും സമ്പൂര്‍ണ്ണ മിലിറ്ററി കമ്മീഷന് തയ്യാറാകുകയെന്ന് നം.10 ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, സ്‌കീമിന്റെ ഭാഗമാകാന്‍ വിസമ്മതിച്ചാല്‍ ക്രിമിനല്‍ നടപടികള്‍ നേരിടില്ലെന്നും സുനാക് പറയുന്നു. 'ഈ മഹത്തായ രാജ്യത്തെ പല തലമുറകള്‍ക്ക് ഇതിനുള്ള അവസരമോ, ആവശ്യത്തിനൊത്ത് അനുഭവമോ ലഭിച്ചില്ല. ഈ അനിശ്ചിതമായ ലോകത്ത് നമ്മുടെ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ശക്തികളുണ്ട്', അദ്ദേഹം വ്യക്തമാക്കി.
നാഷണല്‍ സര്‍വ്വീസിന്റെ പുതിയ രൂപം അവതരിപ്പിക്കുന്നത് വഴി യുവാക്കളില്‍ ലക്ഷ്യവും, രാജ്യത്തെ കുറിച്ച് അഭിമാനവും നല്‍കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി പറയുന്നു. ശീതയുദ്ധത്തിന് ശേഷം ലോകം അപകടകരമായ അവസ്ഥയിലാണെന്ന് മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് ഋഷി സുനാക് ഈ പദ്ധതി പ്രഖ്യാപിക്കുന്നത്. 200 വര്‍ഷം മുന്‍പത്തെ നെപ്പോളിയോണിക് യുദ്ധത്തിന് ശേഷം ആദ്യമായി ബ്രിട്ടീഷ് സൈന്യം ഏറ്റവും ചുരുങ്ങിയ അവസ്ഥയിലാണ്.