ഫിസിയോതെറാപ്പി ചികിത്സയ്ക്കായി കാത്തിരിക്കുന്ന ആളുകളുടെ എണ്ണത്തിലുള്ള വര്‍ധനവ് എന്‍എച്ച്എസിലെ മറ്റ് ഭാഗങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും, യുകെ സമ്പദ് വ്യവസ്ഥയെ അപകടത്തിലാക്കുകയും ചെയ്യുന്നതായി മുന്‍നിര ക്ലിനിഷ്യന്‍സിന്റെ മുന്നറിയിപ്പ്.
പുറം, കഴുത്ത്, മുട്ടുവേദന പോലുള്ള മസ്‌കുലോസ്‌കെലിറ്റല്‍ പ്രശ്‌നങ്ങള്‍ക്കുള്ള ചികിത്സകള്‍ക്കായി കാത്തിരിപ്പ് പട്ടിക കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ 27% വളര്‍ന്നിരിക്കുകയാണ്. ബ്രിട്ടന്റെ ജനസംഖ്യക്ക് പ്രായമേറുകയും, അമിതവണ്ണമുള്ളവരുടെ എണ്ണമേറുകയും ചെയ്യുന്നതിനൊപ്പം എന്‍എച്ച്എസില്‍ ഫിസിയോതെറാപ്പി പോസ്റ്റുകള്‍ വര്‍ദ്ധിക്കുന്നില്ലെന്ന് ചാര്‍ട്ടേഡ് സൊസൈറ്റി ഓഫ് ഫിസിയോതെറാപ്പി പറയുന്നു.
വര്‍ദ്ധിക്കുന്ന ഡിമാന്‍ഡിനൊപ്പം സേവനം നല്‍കാന്‍ എന്‍എച്ച്എസ് ഫിസിയോതെറാപ്പി തസ്തികകളില്‍ വര്‍ഷാവര്‍ഷം 7% വര്‍ദ്ധനവ് നടപ്പാക്കണമെന്ന് സിഎസ്പി വ്യക്തമാക്കി. മസ്‌കുലോസ്‌കെലിറ്റല്‍ അവസ്ഥകള്‍ ചികിത്സ നല്‍കാതിരുന്നാല്‍ കൂടുതല്‍ സങ്കീര്‍ണ്ണമായി മാറുകയും, മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ മുതല്‍ സര്‍ജറി വരെ ആവശ്യമായി വരികയും ചെയ്യുമെന്ന് ഇവര്‍ ചൂണ്ടിക്കാണിച്ചു.
മാര്‍ച്ചില്‍ 323,965 പേരാണ് ഇത്തരം ചികിത്സയ്ക്കായി കാത്തിരിക്കുന്നതെന്ന് എന്‍എച്ച്എസ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സര്‍വ്വീസ് വ്യക്തമാക്കുന്നത്. കൂടുതല്‍ ആളുകള്‍ ഗുരുതര വേദനയുമായി കഴിഞ്ഞുകൂടുന്നുവെന്ന് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ചൂണ്ടിക്കാണിക്കുന്നു.