നസ്രിയയും ബേസിലും ജോഡിയാകുന്ന 'സൂക്ഷ്മദര്‍ശിനി' ഷൂട്ടിംഗ് തുടങ്ങി
മലയാളത്തിലെ ജനപ്രിയ താരമായി മാറിയിരിക്കുകയാണ് ബേസില്‍ ജോസഫ്. സംവിധാനം ചെയ്യുന്ന സിനിമയാണെങ്കിലും അഭിനയിക്കുന്ന സിനിമയാണെങ്കിലും പ്രേക്ഷകര്‍ക്കത് പ്രിയങ്കരമാണ്. ഇപ്പോഴിതാ ബേസില്‍ നായകനാകുന്ന സൂക്ഷ്മദര്‍ശിനിയിലൂടെ ഇടവേളയ്ക്ക് ശേഷം നസ്രിയ നസിം നായികയായി എത്തുകയാണ്. സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയെന്ന പോസ്റ്റിട്ടിരിക്കുകയാണ് ബേസില്‍.
അമാനുഷികനായ ഒരു സൂപ്പര്‍താരമോ, മീശ പിരിച്ച് മാസ് കാട്ടുന്ന ഒരു ആക്ഷന്‍ താരമോ അല്ലാഞ്ഞിട്ടു കൂടി മലയാള സിനിമാപ്രേക്ഷകരുടെ മനസ്സില്‍ തന്റേതായ ഇടം നേടിയ താരമാണ് ബേസില്‍ ജോസഫ്. വിരലില്‍ എണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച് അവ എല്ലാം സൂപ്പര്‍ ഹിറ്റാക്കി തീര്‍ത്ത താരം സംവിധാനം ചെയ്ത ആദ്യ ചിത്രം നൂറ് ദിവസം വിജയിപ്പിച്ചും പ്രേക്ഷകരെ ഞെട്ടിച്ചതാണ്. നാടന്‍ സൂപ്പര്‍ ഹീറോയെ ഉണ്ടാക്കി നെറ്റ്ഫ്ലിക്സിനെ പോലും ഞെട്ടിച്ച സംവിധായകന്‍ കൂടിയാണ് ബേസില്‍. താരം അഭിനയിച്ച ‘ഗുരുവായൂരമ്പലനടയില്‍’ പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.
ഇപ്പോഴിതാ താന്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയ സന്തോഷം പങ്കിടുകയാണ് ബേസില്‍. സൂക്ഷ്മദര്‍ശിനി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ആനിമേഷന്‍ പോസ്റ്ററാണ് ബേസില്‍ പങ്കുവച്ചിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷം നസ്രിയ നസിം മലയാളത്തിലെത്തുകയാണ് ഈ ചിത്രത്തിലൂടെ. എം സി ജിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. സിദ്ധാര്‍ഥ് ഭരതനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തില്‍ അത്ര സജീവമല്ല താരം. തെലുങ്ക് സിനിമയായ ആണ്ടെ സുന്ദരാനികി എന്ന തെലുങ്ക് ചിത്രത്തിലാണ് നസ്രിയ അവസാനമായി അഭിനയിച്ചത്. നാനി ആയിരുന്നു ചിത്രത്തില്‍ നായകന്‍. വിവേക് ആത്രേയ സംവിധാനം ചെയ്ത ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. മൈത്രി മൂവി മേക്കേഴ്സ് ആയിരുന്നു ചിത്രം നിര്‍മ്മിച്ചത്. 2020ല്‍ റിലീസായ ട്രാന്‍സിലാണ് താരം ഇതിന് മുന്‍പ് മലയാളത്തില്‍ നായികയായി എത്തിയത്. മണിയറയിലെ അശോകന്‍ എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും എത്തിയിരുന്നു. നിര്‍മാണത്തില്‍ സജീവമാണ് നസ്രിയ.