യുവനടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള ബലാത്സംഗ കേസില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് ഹൈക്കോടതിയുടെ ഇടക്കാല മുന്‍കൂര്‍ ജാമ്യം. ഒമര്‍ ലുലുവിനെ അറസ്റ്റ് ചെയ്താല്‍ 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും ഉത്തരവില്‍ കോടതി പറയുന്നു.
കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഒമര്‍ ലുലു സിനിമയില്‍ അവസരം നല്‍കാമെന്ന് ധരിപ്പിച്ചും സൗഹൃദം നടിച്ചും വിവിധ സ്ഥലങ്ങളില്‍ വെച്ച് ബലാത്സംഗം ചെയ്‌തെന്നാണ് നെടുമ്പാശ്ശേരി പൊലീസിന് നല്‍കിയ പരാതിയില്‍ യുവനടി പറയുന്നത്.
വ്യക്തി വിരോധം മൂലമാണ് നടി തനിക്കെതിരെ പരാതി നല്‍കിയെതെന്നായിരുന്നു ഒമര്‍ ലുലു പ്രതികരിച്ചത്. ഹര്‍ജി വിശദവാദത്തിനായി ജൂണ്‍ 6 ലേക്ക് മാറ്റിയിട്ടുണ്ട്.
റഹ്മാനെ നായകനാക്കി 'ബാഡ് ബോയ്‌സ്' എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് ഇപ്പോള്‍ ഒമര്‍ ലുലു. ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഷീലു എബ്രഹാം, ആരാധ്യ ആന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.