അറസ്റ്റിലായ യൂട്യൂബര്‍ ടിടിഎഫ് വാസന് പിന്തുണയുമായി നടി ശാലിന്‍ സോയ. ഏതു പ്രതിസന്ധിയിലും തളരാതെ ഇരിക്കണമെന്നും താന്‍ എപ്പോഴും കൂടെ ഉണ്ടാകുമെന്നും വാസന്റെ കൈ കോര്‍ത്ത് പിടിച്ചുള്ള ചിത്രം പങ്കുവച്ച് ശാലിന്‍ സോയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ടിടിഎഫ് വാസന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ വീഡിയോ പങ്കുവെച്ച് അറിയിച്ചിരുന്നു.
'എനിക്ക് ഏറ്റവും പ്രിയപ്പെട്ടവനെ, നീ ധൈര്യമായിരിക്കുക. ഞാന്‍ എപ്പോഴും നിന്നോടൊപ്പമുണ്ടാകും. എനിക്കറിയാവുന്നവരില്‍ ഏറ്റവും നല്ല വ്യക്തി നീയാണ്. ഇപ്പോള്‍ സംഭവിക്കുന്നതിനൊന്നും നീ അര്‍ഹനല്ലെന്ന് എനിക്കറിയാം. പക്ഷേ എപ്പോഴും നീ പറയാറുള്ളത് പോലെ ഞാന്‍ നിന്നോട് പറയുന്നു 'നടപ്പതെല്ലാം നന്മക്ക്, വിടു പാത്തുക്കലാം' ശാലിന്‍ സോയ കുറിച്ചു.
ഫോണില്‍ സംസാരിച്ചുകൊണ്ട് അപകടകരമാം വിധം കാര്‍ ഓടിച്ചതുള്‍പ്പടെ ആറ് വകുപ്പുകള്‍ ചുമത്തിയാണ് വാസനെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തത്. മധുര വഴി തൂത്തുക്കുടിയിലേക്ക് പോകുന്ന വഴി യൂട്യൂബര്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിച്ച് പൊതുജനങ്ങള്‍ക്ക് അപകടകരമാം വിധം വണ്ടി ഓടിക്കുകയും ആ വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കുകയും ചെയ്തു എന്നാണ് കേസ്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ ഷൂട്ട് ചെയ്യുന്നതിനായി നടത്തിയ അപകടകരമായ ബൈക്ക് സ്റ്റണ്ട് അപകടത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് 2023 സെപ്റ്റംബറില്‍ വാസനെ അറസ്റ്റ് ചെയ്ത് ഡ്രൈവിങ് ലൈസന്‍സ് കോടതി താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു.