12വര്‍ഷത്തെ പ്രണയം, വിവാഹിതയായെങ്കിലും നിര്‍ഭാഗ്യവശാല്‍ പിരിയേണ്ടി വന്നു- ദിവ്യാ പിള്ള
ആകസ്മികമായി സിനിമയിലെത്തിയ താരമാണ് ദിവ്യപിള്ള. മോഡലായും ചാനല്‍ ഷോകളില്‍ അവതാരികയായുമൊക്കെ തിളങ്ങിയ ശേഷമാണ് ദിവ്യ സിനിമയിലെത്തുന്നത്.
വിനീത് കുമാറിന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ നായകനായ 'അയാള്‍ ഞാനല്ല' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവച്ച നടിയാണ് ദിവ്യാ പിള്ള. വളരെ ആകസ്മികമായാണ് ദിവ്യ സിനിമയിലെത്തിയത്. മോഡലായും ചാനല്‍ ഷോകളില്‍ അവതാരികയായുമൊക്കെ പിന്നീട് ദിവ്യ ശ്രദ്ധനേടി. ഇപ്പോള്‍ മലയാളത്തിലും തെലുങ്കിലും തമിഴിലുമായി ഇരുപതോളം ചിത്രങ്ങളില്‍ ദിവ്യ വേഷമിടുകയും ചെയ്തു.
ദിവ്യയുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ഈയിടെയായി കുറേ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ആദ്യമൊന്നും ഇതെക്കുറിച്ച് നടി പ്രതികരിച്ചില്ല. ഈയിടെ ഒരു തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ദിവ്യ ആദ്യമായി വ്യക്തിജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞു.
പന്ത്രണ്ട് വര്‍ഷത്തോളം താന്‍ ഒരു പ്രണയത്തിലായിരുന്നുവെന്നും വിവാഹം നടത്തിയെന്നും ദിവ്യ വെളിപ്പെടുത്തി. ഇറാഖ് വംശജനായ ഒരു ബ്രിട്ടിഷ് പൗരനായിരുന്നു ദിവ്യയുടെ വരന്‍. നിര്‍ഭാഗ്യവശാല്‍ തങ്ങള്‍ വേര്‍പിരിഞ്ഞുവെന്നും ദിവ്യ വ്യക്തമാക്കി.
'അയാള്‍ ഞാനല്ല എന്ന സിനിമയുടെ ചിത്രീകരണം നടക്കുമ്പോഴാണ് എന്റെ വിവാഹ ചടങ്ങ് നടന്നത്. ഷൂട്ടിനിടയില്‍ നിന്നും അഞ്ച് ദിവസത്തെ അവധി എടുത്താണ് വിവാഹം നടത്തിയത്. അച്ഛന്റെയും അമ്മയുടെയും നിര്‍ബന്ധപ്രകാരം മൂകാംബിക ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.
ഇറാഖി വംശജനായ ബ്രിട്ടീഷ് പൗരനെയാണ് പ്രണയിച്ചതും വിവാഹം ചെയ്തതും. അദ്ദേഹത്തിന്റെ പിതാവ് 18 വര്‍ഷം മുമ്പ് ഇംഗ്ലണ്ടിലേക്ക് കുടിയേറിയ ഇറാഖിയാണ്. മാതാവ് ഇംഗ്ലീഷുകാരിയാണ്. എമിറേറ്റ്സ് എയര്‍ലൈനില്‍ പ്രവൃത്തിക്കുന്ന സമയത്ത് തന്നെ തുടങ്ങിയ ഞങ്ങളുടെ പ്രണയം ആണ് വിവാഹത്തിലെത്തിയത്.
വിവാഹ ചടങ്ങുകള്‍ നടത്തിയെങ്കിലും നിയമപരമായി രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചില്ല. അദ്ദേഹം മറ്റൊരു രാജ്യക്കാരന്‍ ആയതുകൊണ്ട് വിവാഹം നിയമപരമാക്കാനുള്ള നടപടികള്‍ ഒരുപാടുണ്ടായിരുന്നു. അതൊക്കെ ചെയ്യുന്നതിന് മുന്‍പ് തന്നെ ഞങ്ങള്‍ തമ്മില്‍ പിരിഞ്ഞു. നിയമപരമായ വിവാഹം അല്ലാത്തത് കൊണ്ടുതന്നെ ഒരു വിവാഹമോചനത്തിന്റെ ആവശ്യം വന്നില്ല. ഞാന്‍ ജീവിതത്തില്‍ നിന്ന് ആഗ്രഹിക്കുന്നതും അദ്ദേഹം ജീവിതത്തില്‍ നിന്ന് ആഗ്രഹിക്കുന്നതും തമ്മില്‍ ഒത്തുപോകാന്‍ കഴിയാതെ വന്നപ്പോള്‍ പരപ്‌സപര ധാരണയോടെ പിരിയുകയായിരുന്നു. നിങ്ങള്‍ വിവാഹിതയാണോ എന്ന ചോദ്യത്തിന് അതുകൊണ്ടുതന്നെ എന്ത് ഉത്തരം നല്‍കണമെന്ന ആശയക്കുഴപ്പത്തിലായിരുന്നു. ''
അതേസമയം, താന്‍ ഡേറ്റിങ്ങിലാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം സ്വകാര്യമാക്കി വയ്ക്കാന്‍ ആഗ്രഹിക്കുന്നതായി ദിവ്യ പറഞ്ഞു.