ന്യൂവാര്‍ക്കിലെ കളിസ്ഥലത്ത് കൗമാരക്കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ 12 വയസുകാരന്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റിലായി. ന്യൂവാര്‍ക്കിലെ യോര്‍ക്ക് ഡ്രൈവില്‍ മേയ് 24ന് നടന്ന സംഭവങ്ങളെ കുറിച്ച് ഇര പോലീസില്‍ വിവരം നല്‍കിയതോടെയാണ് പോലീസ് പ്രതികളെ പിടികൂടിയത്.
12 വയസ്സ് മുതല്‍ 14 വയസ് വരെയുള്ള നാല് ആണ്‍കുട്ടികളെയാണ് ബലാത്സംഗം നടത്തിയെന്ന സംശയത്തില്‍ നോട്ടിംഗ്ഹാംഷയര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കര്‍ശനമായ ജാമ്യവ്യവസ്ഥയില്‍ വിട്ടയച്ചിട്ടുണ്ട്. നേരത്തെ 15, 16 വയസുള്ള നാല് കൗമാരക്കാരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
ഇപ്പോള്‍ കേസില്‍ നാല് പേര്‍ കൂടി അറസ്റ്റിലായതായി ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ ആമി റിവില്‍ പറഞ്ഞു. അന്വേഷണം വേഗത്തില്‍ പുരോഗമിക്കുന്നുണ്ട്. പെണ്‍കുട്ടിക്കും, കുടുംബത്തിനും സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍മാരുടെ പിന്തുണ നല്‍കുന്നുണ്ട്. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാനുള്ള ശ്രമത്തിലാണ്. സംഭവങ്ങളെ കുറിച്ച് എന്തെങ്കിലും വിവരം നല്‍കാന്‍ കഴിയുന്നവര്‍ മുന്നോട്ട് വരണമെന്നും പോലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ന്യൂവാര്‍ക്കിലെ സമൂഹത്തിന് സംഭവങ്ങളുമായി ബന്ധപ്പെട്ട് ഉടലെടുത്ത ആശങ്കകള്‍ മനസ്സിലാക്കുന്നതായി ഇന്‍സ്‌പെക്ടര്‍ ഷാര്‍ലെറ്റ് എല്ലാം പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും ഇതേക്കുറിച്ച് അന്വേഷിച്ച് എന്താണ് യാഥാര്‍ത്ഥ്യമെന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ്. പ്രദേശത്ത് അധികപട്രോളിംഗും ഏര്‍പ്പെടുത്തി.