യുകെ മലയാളി സമൂഹത്തിന്റെയും ബന്ധുക്കളുടെയും പ്രാര്‍ത്ഥനകള്‍ക്ക് പ്രതീക്ഷയേകി ഹാക്ക്‌നി വെടിവയ്‌പ്പിന് ഇരയായ മലയാളി പെണ്‍കുട്ടി ലിസെല്‍ മരിയയുടെ ആരോഗ്യനിലയില്‍ പുരോഗതി.അതീവ ഗുരുതരാവസ്ഥ നേരിടുന്ന കുട്ടി പിതാവിന്റെ കരങ്ങളില്‍ അമര്‍ത്തിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്.
മാതാപിതാക്കളുടെ ശബ്ദത്തോട് മകള്‍ പ്രതികരിക്കുന്നതായും, പിതാവിന്റെ കരങ്ങളില്‍ അമര്‍ത്തുകയും ചെയ്തതായുള്ള റിപ്പോര്‍ട്ടുകളാണ് പ്രതീക്ഷയായി മാറുന്നത്. 'അവള്‍ വെന്റിലേറ്ററിലാണ്. എന്നിരുന്നാലും ചില പ്രതികരണങ്ങള്‍ ഉണ്ടെന്നത് നല്ല സൂചനയാണ്. അമ്മയും, അച്ഛനും എന്തെങ്കിലും പറയുമ്പോള്‍ അവള്‍ പ്രതികരിക്കുന്നുണ്ട്, വിരല്‍ അനക്കം പോലുള്ള പ്രതികരണങ്ങള്‍', ഒരു കുടുംബസുഹൃത്ത് മെയിലിനോട് പറഞ്ഞു.
വീണ്ടുമൊരു ഓപ്പറേഷന്‍ നടത്തി ബുള്ളറ്റ് പുറത്തെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഡോക്ടര്‍മാര്‍. എന്നാല്‍ ഇതിന് കുറച്ച് ദിവസം കൂടി വേണ്ടിവരുമെന്നും റിപ്പോര്‍ട്ട് പറയുന്നു. എല്ലാം ശരിയാകുമെന്ന് ഡോക്ടര്‍മാരും ഇപ്പോള്‍ ശുഭപ്രതീക്ഷ നല്‍കുന്നതായി സുഹൃത്ത് കൂട്ടിച്ചേര്‍ത്തു. വെടിവെപ്പില്‍ പരുക്കേറ്റ മറ്റ് മൂന്ന് പേരായിരുന്നു അക്രമിയുടെ ലക്ഷ്യമെന്നാണ് കരുതുന്നത്. വെടിയുതിര്‍ത്ത അക്രമിയെ ഇപ്പോഴും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
ബുധനാഴ്ച നോര്‍ത്ത് ഈസ്റ്റ് ലണ്ടനിലെ തുര്‍ക്കിഷ് റെസ്‌റ്റൊറന്റില്‍ മോട്ടോര്‍ബൈക്കിലെത്തിയ തോക്കുധാരി നടത്തിയ വെടിവെപ്പില്‍ മറ്റ് മൂന്ന് പേര്‍ക്ക് കൂടി പരുക്കേറ്റിരുന്നു. റെസ്റ്റൊറന്റില്‍ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാനെത്തിയ ലിസെല്‍ മരിയയുടെ തലയിലാണ് ബുള്ളറ്റ് തുളച്ച് കയറിയത്. ലണ്ടനിലുള്ള ബന്ധുക്കളെയും, സുഹൃത്തുക്കളെയും കാണാനായി ബര്‍മിംഗ്ഹാമില്‍ നിന്നും എത്തിയതായിരുന്നു കുട്ടിയും, മാതാപിതാക്കളും. ഈ സംഭവത്തോടെ കുട്ടി വെന്റിലേറ്ററിലായി.