ഇടത് വിഭാഗങ്ങളുമായുള്ള ലേബര്‍ പാര്‍ട്ടിയിലെ പോരാട്ടം വിജയത്തെ തടസ്സപ്പെടുത്തുമെന്ന ആശങ്കയില്‍ ഡയാന്‍ ആബറ്റിനെ മത്സരത്തിന് ഇറക്കാന്‍ മടിയില്ലെന്ന് കീര്‍ സ്റ്റാര്‍മര്‍. പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനും, വിജയിക്കാനും തന്നെയാണ് തന്റെ ഉദ്ദേശമെന്ന് ഡയാന്‍ ആബറ്റ് പ്രഖ്യാപിച്ചു.
തനിക്ക് ലോര്‍ഡ്‌സില്‍ സീറ്റ് ഓഫര്‍ ചെയ്‌തെന്ന വാദങ്ങള്‍ ആബറ്റ് തള്ളിക്കളഞ്ഞു. ഇടത് എംപിമാര്‍ക്ക് ലോര്‍ഡ്‌സ് സീറ്റ് നല്‍കി മത്സരത്തില്‍ നിന്നും പിന്‍വലിപ്പിക്കാന്‍ ശ്രമം നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വസ്തുതാപരമായി തെറ്റാണെന്ന് സീനിയര്‍ എംപി പറയുന്നു. താന്‍ ഇത്തരമൊരു ഓഫര്‍ സ്വീകരിക്കാന്‍ തയ്യാറാകില്ലെന്നും ആബറ്റ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
സസ്‌പെന്‍ഷനില്‍ നിന്നും തിരിച്ചെത്തിച്ചെങ്കിലും ആബറ്റിനെ സ്ഥാനാര്‍ത്ഥിക്കുന്ന കാര്യത്തില്‍ ലേബര്‍ പാര്‍ട്ടിയില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. ദിവസങ്ങള്‍ നീണ്ട വാഗ്വാദങ്ങള്‍ക്ക് ഒടുവില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ തടസ്സമില്ലെന്ന് സ്റ്റാര്‍മര്‍ പ്രഖ്യാപിക്കുകയായിരുന്നു. തന്റെ ഹാക്ക്‌നി നോര്‍ത്ത് & സ്‌റ്റോക്ക് ന്യൂവിംഗ്ടണ്‍ സീറ്റില്‍ നിന്ന് തന്നെ മത്സരിക്കാനാണ് ആബറ്റിന്റെ നീക്കം.
1987 മുതല്‍ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് ആബറ്റാണ്. പാര്‍ട്ടിയിലെ ഇടത് സ്വാധീനം പൂര്‍ണ്ണമായി ഇല്ലാതാക്കിയെന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് കീര്‍ സ്റ്റാര്‍മര്‍. മുന്‍ നേതാവ് ജെറമി കോര്‍ബിന്റെ പിന്‍ഗാമികള്‍ ഇപ്പോള്‍ തനിക്കൊപ്പമില്ലെന്ന് തെളിയിക്കാനാണ് ഇടത് എംപിമാരെ അകലത്തില്‍ നിര്‍ത്താനുള്ള ശ്രമം. സ്റ്റാര്‍മര്‍ക്ക് എതിരെ ഈ ആരോപണം പരസ്യമായി ഉന്നയിച്ച ആബറ്റ് സ്വന്തം നിലയില്‍ മത്സരിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു.