ലണ്ടന്‍: സൈക്കിളില്‍ 30 രാജ്യങ്ങള്‍ താണ്ടി ബ്രിട്ടനിലെത്തിയ മലയാളി യുവാവ് ഫായിസിന് രാജ്യാന്തര ബൈസിക്കിള്‍ ദിനത്തില്‍ ലണ്ടനില്‍ ലണ്ടനില്‍ ഉജ്ജ്വല സ്വീകരണം. ലണ്ടനിലെ ജോയ് ആലുക്കാസ് ജ്വല്ലറിയാണ് ഫായിസിന് സ്വീകരണം നല്‍കി ആദരിച്ചത്. ഈസ്റ്റ്ഹാമിലെ എംപി സര്‍ സ്റ്റീഫന്‍ ടിം ഉള്‍പ്പെടെയുള്ള പ്രമുഖരെ അണിനിരത്തിയാണ് ജോയ് ആലുക്കാസ് ഗ്രൂപ്പ് ഫായിസിന് സ്വീകരണം നല്‍കിയത്.
കേരളത്തില്‍ നിന്നും പുറപ്പെട്ട് ഭൂഖണ്ഡങ്ങള്‍ താണ്ടിയുള്ള കോഴിക്കോട് സ്വദേശി ഫായിസ് അഷ്റഫലിയുടെ സൈക്കിള്‍ യാത്ര ജൂണ്‍ ഒന്നാം തീയതിയാണ് ബ്രിട്ടനിലെത്തിയത്. 15 മാസത്തോളം നീണ്ട യാത്രയ്ക്കാണ് ഇപ്പോള്‍ ബ്രിട്ടനില്‍ പരിസമാപ്തി ആയിരിക്കുന്നത്. ഇതിനോടകം 30 രാജ്യങ്ങളിലൂടെ 22,800 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഫായിസ് ലണ്ടനിലെത്തിയത്.
ഇന്ത്യയില്‍ തുടങ്ങി ഒമാന്‍, യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത്, ഇറാഖ്, ഇറാന്‍, അര്‍മേനിയ, ജോര്‍ജിയ, തുര്‍ക്കി, ഗ്രീസ്, മാസിഡോണിയ, സെര്‍ബിയ, ക്രൊയേഷ്യ, സ്ലോവേനിയ, ഓസ്ട്രിയ, സ്ലോവാക്യ, ഹംഗറി, ചെക്ക് റിപ്പബ്ലിക്, ജര്‍മനി, ഡെന്മാര്‍ക്ക്, നോര്‍വേ, പോളണ്ട്, സ്വീഡന്‍, നെതര്‍ലന്‍ഡ് , ബല്‍ജിയം, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ചുറ്റിയാണ് ഫായിസിന്റെ സൈക്കിള്‍ യാത്ര ലണ്ടനിലെത്തിയത്. ഓരോ രാജ്യങ്ങളിലും നിരവധി ആളുകളുടെ ആതിഥേയത്വവും സ്വീകരണവും ഏറ്റുവാങ്ങിയായിരുന്നു യാത്ര. ഭക്ഷണം ഉള്‍പ്പെടെ ഒരുക്കിയാണ് പല രാജ്യങ്ങളിലും അപരിചിതരായ പലരും തന്നെ സ്വീകരിച്ചതെന്ന് ഫായിസ് പറയുന്നു. യാത്ര സമ്മാനിച്ച അനുഭവങ്ങള്‍ ഒരിക്കലും മറക്കാനാവാത്തതാണെന്നാണ് ഫായിസ് വ്യക്തമാക്കി.
ലഹരിനിര്‍മാര്‍ജനം, കാര്‍ബന്‍ എമിഷന്‍, ആരോഗ്യപരിപാലനം എന്നീ വിഷയങ്ങളില്‍ സമൂഹത്തിന് സന്ദേശം നല്‍കുക എന്ന ലക്ഷ്യവും ഫായിസിന്റെ യാത്രയ്ക്കുണ്ടായിരുന്നു. നിരവധി സ്കൂളുകളിലും കോളജുകളിലും ഇതിന്റെ ഭാഗമായി സന്ദര്‍ശനം നടത്തി.
വ്യാഴാഴ്ചയാണ് യുകെ അതിര്‍ത്തി തുറമുഖമായ ഡോവര്‍ പോര്‍ട്ടില്‍ ഫായിസ് എത്തിയത്. യാത്രയുടെ സമാപനത്തോടനുബന്ധിച്ച് ശനിയാഴ്ച ഉച്ചയ്ക്ക് ലണ്ടന്‍ ടവര്‍ ബ്രിഡ്ജില്‍ പ്രത്യേക സൈക്കിള്‍ റാലിയും സംഘടിപ്പിച്ചു. ലണ്ടന്‍ കേരള സൈക്കിള്‍ ക്ലബ്, നമ്മുടെ കോഴിക്കോട് കൂട്ടായ്മ, യുകെയിലെ വിവിധ മലയാളി കൂട്ടായ്മകള്‍ എന്നിവരും വരും ദിവസങ്ങളില്‍ സ്വീകരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. പാരിസ് ഒളിമ്പിക്‌സും കണ്ട് ഓഗസ്റ്റ് 15ന് ഫായിസ് നാട്ടിലേക്ക് മടങ്ങും. കോഴിക്കോട് തലക്കുളത്തൂര്‍ സ്വദേശിയായ ഫായിസ് എര്‍ജിനീയറാണ്. ജോലി രാജിവച്ചാണ് സൈക്കിളില്‍ ഉലകം ചുറ്റാന്‍ ഇറങ്ങിയത്. ഭാര്യ ഡോ. അസ്മിന്‍ ഫായിസ് കൂര്‍ഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ സയന്‍സസില്‍ അസിസ്റ്റന്റ് പ്രഫസറാണ്.
ഈസ്റ്റ് ലണ്ടനിലെ ജോയ് ആലുക്കാസ് ജ്വല്ലറി ഒരുക്കിയ സ്വീകരണത്തില്‍ മുന്‍ മന്ത്രിയും പാര്‍ലമെന്റ് അംഗവുമായ സര്‍ സ്റ്റീഫന്‍ ടിംസ്, കൗണ്‍സിലര്‍മാരായ ലക്മ്നി ഷാ, സൈമണ്‍ റഷ്, ലൂയിസ് ഗോഡ്ഫ്രി, ജോയ് ആലൂക്കാസ് ലണ്ടന്‍ റീജനല്‍ മാനേജര്‍ ജോജന്‍ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.