മലയാളികള്‍ ഉള്‍പ്പെടുന്ന കുടിയേറ്റ കെയറര്‍മാര്‍ ഏജന്‍സികളുടെ ചൂഷണത്തിന് ഇരയാകുന്ന അവസ്ഥ വാര്‍ത്തയായതോടെ അന്വേഷണം ആവശ്യപ്പെട്ട് ആര്‍സിഎന്‍ രംഗത്തുവന്നു. മലയാളി യുവാവിനു ചതിപറ്റിയ സംഭവം കഴിഞ്ഞ ദിവസം ഗാര്‍ഡിയന്‍ വാര്‍ത്തയാക്കിയിരുന്നു.
വലിയ തുക കടം വാങ്ങി ബ്രിട്ടനിലെത്തിയ യുവാവ് ചതിക്കപ്പെട്ട സംഭവം പുറത്തുവന്നതോടെ സമാനമായ രീതിയില്‍ നിരവധി പേര്‍ ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന കാര്യവും ചര്‍ച്ചയാകുകയാണ്. തങ്ങളുടെ തൊഴിലുടമകളെ വിട്ടുപോയാല്‍ വിസ നഷ്ടമാവുകയും രാജ്യം വിട്ട് പോകേണ്ടി വരികയും ചെയ്യും എന്ന ഭയമാണ് പലര്‍ക്കും.
ഇക്കാര്യത്തില്‍ ഒരു സമ്പൂര്‍ണ്ണ സര്‍ക്കാര്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ആര്‍ സി എന്‍ മൂന്ന് പ്രധാന ദേശീയ പാര്‍ട്ടികള്‍ക്കും കത്തയച്ചിരിക്കുകയാണ്. റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് (ആര്‍ സി എന്‍) ആക്റ്റിംഗ് ജനറല്‍ സെക്രട്ടറി പ്രൊഫ. നിക്കോള റേഞ്ചര്‍ പറയുന്നത് കുടിയേറ്റ കെയര്‍വര്‍ക്കര്‍മാര്‍ക്കെതിരായ ചൂഷണം തടയാന്‍ നടപടികള്‍ അനിവാര്യമാണെന്നാണ്.
കെയറര്‍മാരുടെ ഒഴിവ് നികത്താന്‍ പലപ്പോഴും നിയമ ലംഘനങ്ങള്‍ നടത്തിയുള്ള റിക്രൂട്ട്‌മെന്റുകള്‍ നടക്കുന്നുണ്ട്. കുടിയേറ്റം കുറയ്ക്കാനെന്ന പേരില്‍ കര്‍ശന നിയമങ്ങളാണ് കെയറര്‍ മേഖല ഉള്‍പ്പെടെ റിക്രൂട്ട്‌മെന്റില്‍ കൊണ്ടുവരുന്നത്.
വിദേശ കെയര്‍ വര്‍ക്കര്‍മാര്‍, യു കെയിലേക്ക് വരുമ്പോള്‍ കൂടെ കുടുംബത്തെയും കൊണ്ടു വരുന്നതിനെ വിമര്‍ശിച്ച ടോറികള്‍ അടുത്തിടെ അത് നിരോധിച്ചിരുന്നു. നിരോധനം, നെറ്റ് ഇമിഗ്രേഷന്‍ നിരക്ക് കുറയ്ക്കാന്‍ സാധിക്കും എന്നാണ് ലേബര്‍ പാര്‍ട്ടിയും വിലയിരുത്തിയത്.