തിരഞ്ഞെടുപ്പിന് നാല് ആഴ്ച മാത്രം അകലെ നില്‍ക്കുമ്പോള്‍ വോട്ടിംഗ് പ്രായം 16 വയസായി ചുരുക്കുമെന്ന ലേബര്‍ പദ്ധതിയെ എതിര്‍ത്ത് പകുതിയോളം വോട്ടര്‍മാര്‍. ലോര്‍ഡ് ആഷ്‌ക്രോഫ്റ്റ് നടത്തിയ പുതിയ പോളിംഗിലാണ് ലേബറിന്റെ താല്‍പ്പര്യത്തെ വോട്ടര്‍മാര്‍ അംഗീകരിക്കുന്നില്ലെന്ന് വ്യക്തമായത്.
16, 17 വയസുകാര്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശം നല്‍കുമെന്നാണ് കീര്‍ സ്റ്റാര്‍മര്‍ വാഗ്ദാനം ചെയ്യുന്നത്. ജോലി ചെയ്യാനും, നികുതി നല്‍കാനും പ്രായമായാല്‍ വോട്ടും ചെയ്യാമെന്നാണ് സ്റ്റാര്‍മറുടെ നിലപാട്. എന്നാല്‍ ഇത് സംബന്ധിച്ച് നടത്തിയ സര്‍വ്വെയില്‍ 52 ശതമാനം പേരും ശക്തമായി നയത്തെ എതിര്‍ക്കുന്നതായി അറിയിച്ചു. 38 ശതമാനം പേര്‍ മാത്രമാണ് നയത്തെ അനുകൂലിക്കുന്നത്.
അതേസമയം, 18 മുതല്‍ 24 വരെ പ്രായത്തിലുള്ള പകുതിയിലേറെ വോട്ടര്‍മാര്‍ വോട്ടിംഗ് പ്രായം കുറയ്ക്കുന്നതിനെ പിന്തുണയ്ക്കുന്നു. 65ന് മുകളില്‍ പ്രായമുള്ളവരില്‍ അഞ്ചില്‍ ഒരാള്‍ വീതം മാത്രമാണ് ഈ പിന്തുണ അറിയിക്കുന്നത്. ലേബര്‍ പാര്‍ട്ടിയുടെ സുപ്രധാന പദ്ധതികളിലൊന്നാണ് വോട്ടിംഗ് പ്രായം കുറയ്ക്കല്‍. ഈ പദ്ധതിക്ക് അനുകൂലമല്ലെങ്കിലും മറ്റ് വിഷയങ്ങളില്‍ സ്റ്റാര്‍മര്‍ക്ക് വോട്ടര്‍മാരുടെ പിന്തുണ തുടരുന്നു, ഇപ്പോള്‍ 24 പോയിന്റ് ലീഡാണ് ലേബറിനുള്ളത്.
വോട്ടെടുപ്പ് ദിനം നാല് ആഴ്ച മാത്രം അകലെ നില്‍ക്കുമ്പോള്‍ ലേബറിന് 47 ശതമാനം വോട്ട് വിഹിതമാണുള്ളത്. ടോറികള്‍ നിലവില്‍ 23 ശതമാനം വോട്ട് വിഹിതം മാത്രമാണ് നേടിയിട്ടുള്ളത്. നിഗല്‍ ഫരാഗിന്റെ റിഫോം യുകെ 11 ശതമാനത്തിലും, ഗ്രീന്‍സും, ലിബറല്‍ ഡെമോക്രാറ്റുകളും 6 ശതമാനത്തിലും നില്‍ക്കുന്നു. പ്രധാനമന്ത്രിയായി സുനാകിനേക്കാള്‍ നന്നായി പ്രവര്‍ത്തിക്കാൻ ജോലി ചെയ്യാന്‍ സ്റ്റാര്‍മറിന് സാധിക്കുമെന്ന് വോട്ടര്‍മാര്‍ കരുതുന്നു.