ഈസ്റ്റ് ലണ്ടനിലെ ഹാക്ക്‌നിയില്‍ തുര്‍ക്കിഷ് റെസ്‌റ്റൊറന്റില്‍ മോട്ടോര്‍ ബൈക്കിലെത്തിയ അക്രമി മലയാളി ബാലികയെ അടക്കം നാലുപേരെ വെടിവച്ചു വീഴ്ത്തിയ സംഭവത്തില്‍ ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനാവാതെ പോലീസ്. കുട്ടിയുടെ നില ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. രാജ്യത്തെ ഞെട്ടിച്ച സംഭവം കഴിഞ്ഞു ഇത്ര ദിവസം ആയിട്ടും അക്രമിയെയോ അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നത് ആശങ്ക കൂട്ടുന്നു.
ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പോരാട്ടത്തിന്റെ ഭാഗമായി നടന്ന വെടിവെപ്പിലാണ് ഒന്‍പത് വയസുകാരി ലിസെല്‍ മരിയയുടെ തലയില്‍ വെടിയേറ്റത്. കുട്ടി ഗുരുതരാവസ്ഥയില്‍ തുടരുന്നതിനിടെ പ്രതിയെ കുറിച്ച് വിവരം നല്‍കാനുള്ള അഭ്യര്‍ത്ഥന പോലീസ് പുതുക്കി.
കുടുംബത്തോടൊപ്പം ഈസ്റ്റ് ലണ്ടനില്‍ എത്തിയപ്പോഴായിരുന്നു മലയാളി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് ദുരന്തം നേരിട്ടത്. യഥാര്‍ത്ഥത്തില്‍ അക്രമി ലക്ഷ്യമിട്ട മൂന്ന് പേരും ചികിത്സ പൂര്‍ത്തിയാക്കി ആശുപത്രി വിട്ടു. വെടിവെപ്പില്‍ പരുക്കേറ്റ ഈ മൂന്ന് പേരായിരുന്നു അക്രമിയുടെ ലക്ഷ്യമെന്നാണ് കരുതുന്നത്. തുര്‍ക്കിഷ് സംഘടിത കുറ്റകൃത്യ സംഘങ്ങളെയാണ് തേടുന്നതെന്ന് ഡിറ്റക്ടീവുമാര്‍ പറഞ്ഞു. ഇതേക്കുറിച്ച് തുര്‍ക്കിഷ്, കുര്‍ദിഷ് സമൂഹങ്ങള്‍ വിവരം കൈമാറാന്‍ തയ്യാറാകണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു.
'കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ച് കൊണ്ടിരുന്ന ഒരു ഒന്‍പത് വയസ്സുകാരിയാണ് ഇപ്പോള്‍ ആശുപത്രി കിടക്കയില്‍ ജീവന്‍ നിലനിര്‍ത്താന്‍ മല്ലടിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ഭീതിദമായ അക്രമത്തെ കുറിച്ച് വിവരം ലഭിക്കേണ്ടത് അനിവാര്യമാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും കണ്ടെത്തണം. എന്തെങ്കിലും വിവരം നല്‍കാന്‍ കഴിയുന്നവര്‍ ശരിയായ കാര്യം ചെയ്യണം, വിവരം കൈമാറണം', ഹാക്ക്‌നി & ടവര്‍ ഹാംലെറ്റ്‌സ് ലോക്കല്‍ പോലീസിംഗ് ലീഡ് ഡിറ്റക്ടീവ് ചീഫ് സൂപ്രണ്ട് ജെയിംസ് കോണ്‍വെ പറഞ്ഞു.
നിങ്ങളൊരു സുഹൃത്തോ, പങ്കാളിയോ, ബന്ധുവോ ആകാം. പക്ഷെ നിരപരാധിയായ ഒരു കുട്ടിയെ വെടിവെച്ച ആളെ കുറിച്ചുള്ള വിവരം മറച്ചുവെയ്ക്കുന്നത് സംബന്ധിച്ച് ആത്മപരിശോധന നടത്തണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റെസ്റ്റൊറന്റില്‍ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാനെത്തിയ ലിസെല്‍ മരിയയുടെ തലയിലാണ് ബുള്ളറ്റ് തുളച്ച് കയറിയത്. ലണ്ടനിലുള്ള ബന്ധുക്കളെയും, സുഹൃത്തുക്കളെയും കാണാനായി ബര്‍മിംഗ്ഹാമില്‍ നിന്നും എത്തിയതായിരുന്നു കുട്ടിയും, മാതാപിതാക്കളും. ഈ സംഭവത്തോടെ കുട്ടി വെന്റിലേറ്ററിലായി.