സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് ഇന്ധനമടിക്കുന്നവര്‍ ഇപ്പോള്‍ അസ്ഡ പെട്രോള്‍ സ്റ്റേഷനുകള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്ന് ഏറ്റവും പുതിയ ഇന്ധന വില പട്ടിക പറയുന്നു. അസ്ഡയുടെ പ്രധാന എതിരാളികളായ ടെസ്‌കോ, മോറിസണ്‍സ്,സെയ്ന്‍സ്ബറി എന്നിവര്‍ മെയ് അവസാനത്തില്‍ ഒരു ലിറ്റര്‍ അണ്‍ലെഡഡ് പെട്രോള്‍ വിറ്റത് ശരാശരി 2.1 പെന്‍സ് കുറച്ചാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആര്‍ എ സിയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. അതേസമയം ഈ സൂപ്പര്‍മാര്‍ക്കറ്റുളില്‍ ഡീസല്‍ വിറ്റത്, അസ്ഡയിലേതിനേക്കാള്‍ ലിറ്ററിന് 2.5 പെന്‍സ് കുറച്ചും.
2024 മെയ് മാസം അവസാനത്തില്‍, അണ്‍ലെഡഡ് പെട്രോളിന്റെ അസ്ഡയിലെ ശരാശരി വില, ലിറ്ററിന് ശരാശരി 147.4 പെന്‍സ് ആയിരുന്നു. അതേ കാലയളവില്‍ മോറിസണ്‍സിലെ ശരാശരി വില 145 പെന്‍സും, സ്യെന്‍സ്ബറിയിലേത് 145.2 പെന്‍സും ടെസ്‌കോയിലേത് 145.5 പെന്‍സും ആയിരുന്നു എന്ന് ആര്‍ എ സി പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. പല വാഹനമുടമകളേയും മറ്റിടങ്ങളില്‍ നിന്നും ഇന്ധനം നിറയ്ക്കാന്‍ ഈ റിപ്പോര്‍ട്ട് പ്രേരിപ്പിച്ചേക്കാം എന്ന് ആര്‍ എ സി പറയുന്നു.
കഴിഞ്ഞ കുറേക്കാലമായി അസ്ഡയായിരുന്നു ഇന്ധനം ഏറ്റവും വിലക്കുറവില്‍ വിറ്റിരുന്നത്. മാത്രമല്ല, പമ്പ് പ്രൈസ് ആദ്യമായി കുറച്ച സൂപ്പര്‍മാര്‍ക്കറ്റും അസ്ഡയായിരുന്നു. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ, പെട്രോളും ഡീസലും ഏറ്റവും വിലക്കുറവില്‍ ലഭിക്കുന്നത് അസ്ഡയിലാണെന്ന ഒരു പൊതുബോധം വാഹനമുടമകള്‍ക്കിടയില്‍ സൃഷ്ടിക്കപ്പെട്ടിരുന്നു. ആ ധാരണ മാറ്റി, വിലക്കുറവുള്ള ഇന്ധനം ലഭ്യമാകുന്നത് എവിടെയാണെന്ന് കണ്ടെത്താന്‍ ചെറിയ പരിശ്രമങ്ങള്‍ നടത്തണം എന്നാണ് വാഹനമുടമകളോട് നിര്‍ദ്ദേശിക്കുന്നത്.
കഴിഞ്ഞവര്‍ഷം മെയ് മാസത്തില്‍ യു കെയിലെയും അയര്‍ലന്‍ഡിലേയും പെട്രോള്‍ സ്റ്റേഷന്‍ ശൃംഖലയായ ഇ ജി ഗ്രൂപ്പിനെ അസ്ഡ വാങ്ങിയപ്പോള്‍, ഉടമകളില്‍ ഒരാളായ മൊഹ്‌സിന്‍ ഇസ്സ പറഞ്ഞത്, ആകര്‍ഷകമായ വിലയില്‍ അസ്ഡയിലെ ഉപഭോക്താക്കള്‍ക്ക് പെട്രോളും ഡീസലും നല്‍കാന്‍ കഴിയ്യുമെന്നാണ്. കഴിഞ്ഞ വര്‍ഷം ജൂലായില്‍, അസ്ഡയുടെ ഇന്ധനത്തില്‍ നിന്നുള്ള മാര്‍ജിന്‍ (ഇന്ധനം വാങ്ങിയ വിലയും, പമ്പ് പ്രൈസും തമ്മിലുള്ള വ്യത്യാസം) 2019 നെ അപേക്ഷിച്ച് 2023 ല്‍ മൂന്നിരട്ടിയായതായി കോംപറ്റീഷന്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് അഥോറിറ്റി റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.
അതേസമയം തങ്ങളുടേത് തീര്‍ത്തും വ്യത്യസ്തമായ വിപണന തന്ത്രമാണെന്ന് അസ്ഡ അവകാശപ്പെടുന്നു. മെയ് മാസത്തില്‍ ഏറ്റവും കുറവ് വിലക്ക് ഇന്ധനം ലഭ്യമാക്കിയത് അസ്ഡ തന്നെയാണെന്ന് അസ്ഡ വക്താവ് അവകാശപ്പെട്ടു. പെട്രൊളിന്റെയും ഡീസലിന്റെയും വിലയില്‍ മെയ് മാസത്തില്‍ , ലിറ്ററിന് ശരാശരി 2.31 പെന്‍സിന്റെ ഇളവാണ് നല്‍കിയതെന്നും അസ്ഡ വക്താവ് പറയുന്നു. മാത്രമല്ല, അസ്ഡ റിവാര്‍ഡ് ആപ്പില്‍, ഇന്ധനം വാങ്ങുന്നതിനും ആനുകൂല്യങ്ങള്‍ നല്‍കാന്‍ തുടങ്ങിയെന്നും പറയുന്നു.