യുകെയിലെ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തീവ്രവാദി ആശയങ്ങള്‍ വളരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഗവണ്‍മെന്റിന്റെ പ്രിവന്റ് കൗണ്ടര്‍ എക്‌സ്ട്രീമിസം പ്രോഗ്രാം വഴി പിടിച്ച യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ എണ്ണം 50 ശതമാനമാണ് വര്‍ദ്ധിച്ചത്.
വ്യക്തതയും, സ്ഥിരതയുമില്ലാത്ത ആശയങ്ങള്‍ക്ക് പിന്നാലെ പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണമേറുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇംഗ്ലണ്ടിലെ ഉന്നത വിദ്യാഭ്യാസ റെഗുലേറ്ററായ ഓഫീസ് ഫോര്‍ സ്റ്റുഡന്റ്‌സ് പ്രസിദ്ധീകരിച്ച ഡാറ്റ പ്രകാരം ഇത്തരം തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ കാറ്റഗറിയാണ് വര്‍ദ്ധന രേഖപ്പെടുത്തുന്നത്.
2022-23 വര്‍ഷത്തില്‍ 210 പ്രിവന്റ് കേസുകളാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടത്. 2021-22 വര്‍ഷം ഇത് 165 ആയിരുന്നു. 2020-21-ല്‍ 139 കേസുകളുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ കോവിഡ് മഹാമാരി നിലനിന്ന ഈ കാലഘട്ടത്തില്‍ ക്യാംപസുകള്‍ അടച്ചിട്ടതാകാം ഈ കുറവിന് കാരണമെന്ന് കരുതുന്നവരുമുണ്ട്.
യൂണിവേഴ്‌സിറ്റികളില്‍ നിന്നും റഫര്‍ ചെയ്യുന്നവരുടെ എണ്ണമേറുന്നത് ആശങ്കാജനകമാണ്. തീവ്രവാദ ആശയങ്ങള്‍ യുകെയിലെ യുവാക്കളെ സ്വാധീനിക്കുന്നുവെന്നത് പ്രശ്‌നമാണ്, ഹോപ്പ് നോട്ട് ഹേറ്റ് സീനിയര്‍ റിസേര്‍ച്ചര്‍ പാട്രിക് ഹെര്‍മാന്‍സണ്‍ ചൂണ്ടിക്കാണിച്ചു.