യുകെയില്‍ എല്ലാ പ്രദേശങ്ങളിലും തൊഴിലില്ലായ്മ അതിവേഗത്തില്‍ ഉയരുന്നതായി കണക്കുകള്‍
യുകെയില്‍ എല്ലാ പ്രദേശങ്ങളിലും തൊഴിലവസരങ്ങള്‍ കുറഞ്ഞു തൊഴിലില്ലായ്മ അതിവേഗം കൂടുന്നു.
മികച്ച ജോലിയും, മികച്ച വരുമാനവും നേടാമെന്നതാണ് യുകെയെ ആകര്‍ഷണ കേന്ദ്രങ്ങളാക്കി മാറ്റിയിരുന്നത്. എന്നാല്‍ യുകെയില്‍ ഇപ്പോള്‍ തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നതായാണ് കണക്കുകള്‍ പുറത്തുവരുന്നത്. ലോകത്തിലെ 38 ധനിക രാജ്യങ്ങളുടെ അവസ്ഥ താരതമ്യം ചെയ്യുമ്പോള്‍ യുകെയിലാണ് അതിവേഗത്തില്‍ തൊഴിലില്ലായ്മ ഉയരുന്നതെന്ന് ട്രേഡ്‌സ് യൂണിയന്‍ കോണ്‍ഗ്രസ് (ടിയുസി) പറയുന്നു.
ഔദ്യോഗിക ലേബര്‍ വിപണി കണക്കുകള്‍ പുറത്തുവരാന്‍ ഇരിക്കവെയാണ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോഓപ്പറേഷന്‍ & ഡെവലപ്‌മെന്റ് (ഒഇസിഡി) ഡാറ്റ പരിശോധിച്ച് യൂണിയന്‍ ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളിലെ അവസ്ഥ പുറത്തുവിട്ടത്. ഔദ്യോഗിക കണക്കുകളും ബ്രിട്ടനില്‍ തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്ന കാര്യം തന്നെയാണ് പങ്കുവെയ്ക്കുകയെന്നാണ് പ്രതീക്ഷ.
ഒഇസിഡി കണക്കുകളില്‍ 38 അംഗരാജ്യങ്ങളില്‍ ജനുവരി മുതല്‍ മാര്‍ച്ച് അവസാനം വരെ കോസ്റ്റാറിക്കയില്‍ മാത്രമാണ് ഉയര്‍ന്ന തോതില്‍ തൊഴില്‍ നഷ്ടം നേരിട്ടത്. യുകെയുടെ എല്ലാ ഭാഗങ്ങളിലും തൊഴിലില്ലായ്മ വര്‍ദ്ധിക്കുകയാണെന്ന് ടിയുസി പറഞ്ഞു. കൂടാതെ ജോബ് വേക്കന്‍സികളുടെ എണ്ണവും കുറയുന്നു. ആവശ്യമുള്ള യോഗ്യതയും, കഴിവുമുള്ള ജോലിക്കാരെ കണ്ടെത്താന്‍ എംപ്ലോയേഴ്‌സിന് സാധിക്കുന്നില്ലെന്ന പരാതി നിലനില്‍ക്കുമ്പോഴാണ് ഇത്.
കൂടുതല്‍ തൊഴിലില്ലാത്ത ആളുകള്‍ ഒരേ ജോലിക്കായി മത്സരിക്കുന്ന സാഹചര്യവുമാണ് രാജ്യത്ത് നിലവില്‍ വന്നിരിക്കുന്നത്. കൂടുതല്‍ ആളുകള്‍ തൊഴിലില്ലാതെ നില്‍ക്കുന്ന സാഹചര്യം രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലുകളും സാമ്പത്തിക വിദഗ്ധര്‍ പങ്കുവെയ്ക്കുന്നു.
രാജ്യത്ത് ഓഫര്‍ ചെയ്യുന്ന ജോലികളുടെ എണ്ണത്തിലും വലിയ കുറവ് സംഭവിച്ചതായാണ് കണക്കുകള്‍ കാണിക്കുന്നത്. അതായത് ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ നേരത്തെയുള്ളവയുമായി താരതമ്യം ചെയ്യുമ്പോള്‍ 26000 കുറഞ്ഞ് 898,000 തസ്തികകളിലേയ്ക്കാണ് പോസ്റ്റിങ്ങ് നടന്നിരിക്കുന്നത്. തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നത് ഗുരുതര പ്രതിസന്ധിക്ക് കാരണമാകുമെന്ന് ഒഎന്‍എസിലെ എക്കണോമിക്സ് സ്റ്റാറ്റിസ്റ്റിക്സ് ഡയറക്ടര്‍ ലിസ് മക് കൗണ്‍ പറഞ്ഞു. പുറത്തു വന്നിരിക്കുന്ന തൊഴിലില്ലായ്മയുടെ കണക്കുകള്‍ രാജ്യത്തിന്റെ സ്ഥിതി കൂടുതല്‍ വഷളായി കൊണ്ടിരിക്കുന്നതിന്റെ തെളിവാണെന്നതാണ് ലേബറിന്റെ ആക്ടിംഗ് ഷാഡോ വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍ സെക്രട്ടറി അലിസണ്‍ മക്ഗവര്‍ണ്‍ പ്രതികരിച്ചത്.
ബ്രിട്ടനിലേക്ക് ജോലി തേടി പോകുന്ന കുടിയേറ്റക്കാര്‍ക്കും ഈ കണക്കുകള്‍ ആശങ്ക ഉണ്ടാക്കുന്നതാണ്. കുടിയേറ്റ നിയന്ത്രണ നയങ്ങള്‍ ഒരു വശത്തു ശക്തമായി നടക്കുമ്പോഴാണ് തൊഴിലില്ലായ്മ്മയും പെരുകുന്നത്.
തൊഴിലില്ലായ്മയെ കുറിച്ച് പുറത്തുവന്നിരിക്കുന്ന കണക്കുകള്‍ ഭരണപക്ഷത്തിന് കനത്ത തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. പൊതു തിരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും തൊഴിലില്ലായ്മ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്നാണ് കരുതപ്പെടുന്നത്.