ഗണേഷ് കുമാറിനൊപ്പം വേദിയിലിരുത്തിയില്ല; പഠിച്ച സ്‌കൂളില്‍ നിന്നും നേരിട്ട മോശം അനുഭവം പങ്കുവെച്ച് നടി അമൃത നായര്‍
ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് അമൃത നായര്‍. ടെലിവിഷന്‍ ഷോകളിലും സോഷ്യല്‍ മീഡിയയിലും അമൃത സജീവമാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അമൃത തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുള്ളത്. ഇപ്പോഴിതാ അമൃത വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
താന്‍ പഠിച്ച സ്‌കൂളില്‍ നിന്നും നേരിട്ട മോശം അനുഭവമാണ് അമൃത വെളിപ്പെടുത്തിയത്. സ്വന്തം നാട്ടില്‍ നിന്നും നടി എന്ന നിലയിലോ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സര്‍ എന്ന നിലയിലോ പോലും അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ല എന്നും ഇത് തന്നെ വിഷമിപ്പിച്ചു എന്നുമാണ് നടി പറയുന്നത്.
'പഠിച്ച സ്‌കൂളിന്റെ നൂറാം വാര്‍ഷികം ആയിരുന്നു. അവിടെ പഠിച്ച കുട്ടി ആയതുകൊണ്ടും ഒരു കലാകാരി ആയതുകൊണ്ടും ഒരു മൊമെന്റോ തരാന്‍ വേണ്ടി വിളിച്ചതായി തന്റെ ബന്ധു വിളിച്ചു പറഞ്ഞിരുന്നു. ഞാന്‍ വരാമെന്ന് പറഞ്ഞു. എല്ലാം പ്ലാന്‍ ചെയ്തു. ഗണേഷേട്ടനാണ് പ്രധാന അതിഥി. ശേഷം എന്നെ വിളിച്ച പരിപാടിയുടെ നോട്ടീസില്‍ തന്റെ പേര് ഇല്ലെന്ന കാര്യം അറിഞ്ഞു. തന്റെ വരുമാനം ഉള്ള ദിവസം കളഞ്ഞിട്ടാണ് ഞാന്‍ ഇതിനുവേണ്ടി നിന്നത്'
'സീരിയല്‍ കാണുന്ന എല്ലാവര്‍ക്കും എന്നെ അറിയാമെന്ന് കരുതുന്നു. വ്‌ലോഗ് കാണുന്ന എല്ലാവര്‍ക്കും എന്നെ ഇഷ്ടമാണ്. സ്വന്തം നാട്ടില്‍ നിന്നും ഒരു അംഗീകാരം കിട്ടുക എന്നത് ഈ ഒരു മേഖലയില്‍ നില്‍ക്കുന്ന ഏതൊരാള്‍ക്കും സന്തോഷമായിരിക്കും. അത് ഇല്ലാതായപ്പോള്‍ എനിക്ക് വിഷമമായി.
പക്ഷെ ഇതിന്റെ കാരണം ചോദിച്ചറിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞത്' മന്ത്രിയോടൊപ്പം വേദിയില്‍ ഇരിക്കാന്‍ യോഗ്യത ഇല്ലാത്ത ആളാണ്' എന്നായിരുന്നു'. അമൃത ഇക്കാര്യം തുറന്നു പറഞ്ഞതോടെ നിരവധി പേരാണ് പിന്തുണയുമായി എത്തിയത്.