വിദേശത്തുനിന്നും തിമിര ചികിത്സയ്ക്കായി എത്തിയ 19കാരനെ വോള്‍വര്‍ഹാംപ്ടണില്‍ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് 12 വയസുകാര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഷോണ്‍ സീഷായ് എന്ന 19 കാരനാണു അതിദാരുണമായി കൊല്ലപ്പെട്ടത് തികച്ചും അപരിചിതനായ വ്യക്തിയെ, വോള്‍വര്‍ഹാംപ്ടണിലെ ഒരു പാര്‍ക്കില്‍ വെച്ച് കൗമാരക്കാര്‍ കൊലപ്പെടുത്തുകയായിരുന്നു.
ഷോണ്‍ സീഷായ്ക്ക് കാലിലും മുതുകിലും നെഞ്ചിലുമൊക്കെ കുത്തേറ്റിരുന്നു. അതിലൊരു കുത്ത് വാരിയെല്ലുകള്‍ക്കിടയിലൂടെ ആഴത്തിലിറങ്ങി ഹൃദയത്തിലും ഏറ്റിരുന്നു. മൂര്‍ച്ഛയുള്ള കത്തികൊണ്ട് തലയിലും ആഞ്ഞുവെട്ടി. അതിന്റെ ആഘാതത്തില്‍ തലയോട്ടിയില്‍ നിന്നും ഒരു കഷ്ണം അസ്ഥി പുറത്തേക്ക് വരികയും ചെയ്തു.
കഴിഞ്ഞ വര്‍ഷം നവംബര്‍ 13 ന് ബില്‍സ്റ്റണ് സമീപമുള്ള സ്റ്റോലോണില്‍ വെച്ചായിരുന്നു മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. പ്രതികളായ 12 കാര്‍ക്കെതിരെ ഇരയായ യുവാവ് ഏതെങ്കിലും തരത്തിലുള്ള ആക്രമണം നടത്തുകയോ, പ്രകോപനപരമായി എന്തെങ്കിലും പ്രവര്‍ത്തിക്കുകയോ ഉണ്ടായില്ല. ഇതില്‍ ഒരു പ്രതിക്ക് മേല്‍ അനധികൃതമായി മൂര്‍ച്ഛയുള്ള ആയുധം കൈവശം വെച്ചതിനും കേസുണ്ട്.
വിചാരണയിലുടനീളം കുറ്റം നിഷേധിച്ച പ്രതികള്‍ ഇരുവരും, പരസ്പരം കുറ്റം ചാര്‍ത്തുകയായിരുന്നു. മരണകാരണമായ, നെഞ്ചിലെ മുറിവ് ഉണ്ടാക്കിയത് മറ്റേ പ്രതി ആണെന്നായിരുന്നു ഇരു പ്രതികളും നോട്ടിംഗ്ഹാമിലെ ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയിലുടനീളം പറഞ്ഞിരുന്നത്. ആക്രമണമേറ്റ ഷോണ്‍ സീഷായ് സംഭവസ്ഥലത്ത് വെച്ചു തന്നെ മരണമടയുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ആംബുലന്‍സ് ജീവനക്കാര്‍ കണ്ടത് രക്തമൊലിപ്പിച്ചു കിടക്കുന്ന ഷോണിനെ ആയിരുന്നു. പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും അതിനു മുന്‍പേ മരണമടയുകയായിരുന്നു.
കരീബിയ, ആന്‍ഗ്വിലയില്‍ നിന്നും തിമിര ചികിത്സയ്ക്കായി എത്തിയ ഷോണ്‍, ബിര്‍മ്മിംഗ്ഹാം, ഹാന്‍ഡ്‌സ്വര്‍ത്തില്‍ ആയിരുന്നു താമസിച്ചിരുന്നത്. തന്റെ ചില സുഹൃത്തിനൊപ്പം പാര്‍ക്കില്‍ സമയം ചെലവഴിക്കുന്നതിനായിട്ടായിരുന്നു അയാള്‍ വോള്‍വര്‍ഹാംടണില്‍ എത്തിയത്. സുഹൃത്തുമൊത്ത് നടക്കുന്നതിനിടയിലായിരുന്നു പ്രതികള്‍ ഇവര്‍ക്ക് സമീപമെത്തുന്നത്, ഷോണിന്റെ തോളില്‍ ശക്തിയായി തോള്‍കൊണ്ട് ഇടിച്ചതും. ഇതിനെ ചോദ്യം ചെയ്ത ഷോണിനെ അവര്‍ കുത്തുകയായിരുന്നു. കുത്തേറ്റ ഉടനെ സുഹൃത്തിനോട് ഓടി രക്ഷപ്പെടാനായിരുന്നു ഷോണ്‍ ആവശ്യപ്പെട്ടത്.
അന്ന് വൈകിട്ട് 4.10 മുതല്‍ പ്രതികള്‍ രണ്ടുപേരും ഒരുമിച്ചുണ്ടായിരുന്നു. ഇവര്‍ 12 കാരികളായ രണ്ട് പെണ്‍കുട്ടികളുമായി കണ്ടു മുട്ടുകയും ചെയ്തിരുന്നു. അതില്‍ ഒരു പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞത് പ്രതികളില്‍ ഒരാള്‍ എപ്പോഴും കത്തി കൈയ്യില്‍ കൊണ്ടു നടക്കും എന്നായിരുന്നു. വിധി പ്രസ്താവിക്കുന്ന സമയത്ത് പ്രതികള്‍ കോടതിയില്‍ ഉണ്ടായിരുന്നു. യാതൊരു പ്രതികരണവും ഇല്ലാതെ തികച്ചും ശാന്തമായിട്ടായിരുന്നു അവര്‍ വിധി ശ്രവിച്ചത്.