ഞാന്‍ സമാധാനത്തിലും ദൈവസ്നേഹത്തിലും ജീവിക്കുന്നു; മുറപ്പെണ്ണിനൊപ്പമുളള ചിത്രവുമായി ബാല
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ആണ് ബാല. തന്റെ ജീവിതത്തിലെ പ്രധാന കാര്യങ്ങളെല്ലാം തന്നെ ആരാധകരുമായി ബാല പങ്കിടാറുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യല്‍ ലോകത്ത് അത്ര സജീവമായിരുന്നില്ല നടന്‍. ഇപ്പോഴിതാ തന്റെ നാടായ ചെന്നൈയില്‍ എത്തിയതിന്റെ വീഡിയോയും വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് ബാല.
നാട്ടിലെ വിഭവ സമൃദ്ധമായ ഭക്ഷണത്തിന്റെ വീഡിയോ ആയിരുന്നു ബാല ആദ്യം പങ്കിട്ടത്. അമ്മവന്റെ മകളും മുറപ്പെണ്ണുമായ കോകിലയുണ്ടാക്കിയതാണ് ഭക്ഷണമെന്ന് വീഡിയോയില്‍ ബാല പറയുന്നുണ്ട്. അതേസമയം കോകിലയെ കണ്ടതോടെ ഇതാരെന്ന ചോദ്യവുമായി നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്. എന്നാല്‍ ബാല ഇതിനൊന്നും മറുപടി നല്‍കിയിട്ടില്ല.
പിന്നാലെ മറ്റൊരു വീഡിയോ കൂടി ബാല പങ്കിട്ടു. കോകിലയെ ചേര്‍ത്ത് നിര്‍ത്തിയുള്ള ഫോട്ടോയാണ് വീഡിയോയില്‍ ഉള്ളത്. കൂടാതെ നാട്ടില്‍ നിന്നുള്ള പല സെല്‍ഫികളും വീഡിയോയില്‍ പങ്കിട്ടിട്ടുണ്ട്. 'എന്റെ ത്യാഗങ്ങള്‍ ഭീരുത്വമല്ല. എന്റെ കൃതജ്ഞതയായി അതിനെ പരിഗണിക്കുക. 16 വര്‍ഷത്തിനു ശേഷം ഞാന്‍ സമാധാനത്തിലും ദൈവസ്നേഹത്തിലും ജീവിക്കുന്നു . അതിനര്‍ത്ഥം ഞാന്‍ എന്റെ ഭൂതകാലം മറന്നു', എന്ന കുറിപ്പോടെയാണ് വീഡിയോ.
അതേസമയം കോകിലയെ വീണ്ടും കണ്ടതോടെ നടന്റെ വിവാഹ നിശ്ചയം കഴിഞ്ഞോയെന്നാണ് പലര്‍ക്കും അറിയേണ്ടിയിരുന്നത്. എലിസബത്തിന് എന്ത് സംഭവിച്ചെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം ചോദ്യങ്ങളോടൊന്നും ബാല പ്രതികരിച്ചിട്ടില്ല. ബാലയും ഭാര്യ എലിസബത്തും തമ്മില്‍ വേര്‍പിരിഞ്ഞോയെന്ന സംശയത്തിലാണ് ആരാധകര്‍.
ബാല കരള്‍ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായതിന് പിന്നാലെയാണ് ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. കുറെ നാളുകളായി ഒരുമിച്ചുള്ള വീഡിയോകളോ ഫോട്ടോകളോ ഒന്നും തന്നെ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കിടാറില്ല. താന്‍ ഇപ്പോള്‍ അച്ഛനമ്മാര്‍ക്കൊപ്പമാണെന്നാണ് എലിസബത്ത് വ്യക്തമാക്കിയിട്ടുള്ളത്.