സ്റ്റേജില്‍ പാട്ട് പാടുന്നതിനിടെ തെറി വിളിയുമായി ശ്രീനാഥ് ഭാസി. ആവേശത്തിലെ സുഷിന്‍ ശ്യാം സംഗീതം നല്‍കി വിനയാക് ശശികുമാര്‍ എഴുതിയ ‘ജാഡ’ എന്നുതുടങ്ങുന്ന ഗാനം ആലപിക്കുന്നതിനിടെയാണ് ശ്രീനാഥ് ഭാസി തെറി വിളിക്കുന്നത്. സ്റ്റേജില്‍ പാടുന്നതിനിടെ തെറി വിളിക്കുന്ന താരത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
പാട്ടിനിടയില്‍ ശ്രീനാഥ് തെറിവിളിക്കുന്നതും അത് കേട്ട് കാണികള്‍ കൈയ്യടിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ ശ്രീനാഥ് ഭാസി പരിപാടി അവതരിപ്പിച്ച വേദിയേതാണെന്ന വിവരം വ്യക്തമല്ല. ട്രോള്‍ പേജുകളിലടക്കം വീഡിയോ വൈറലാണിപ്പോള്‍.
അതേസമയം ശ്രീനാഥ് ഭാസി സംഭവത്തില്‍ ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല. താരത്തെ വിമര്‍ശിച്ചും പരിഹസിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇതിന് മുന്‍പ് ഒരു സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സംഘടിപ്പിച്ച അഭിമുഖത്തില്‍ ശ്രീനാഥ് ഭാസി അവതാരകരേയും അസഭ്യം പറഞ്ഞിരുന്നു.