തുടര്‍ ഭീഷണികളില്‍ ആശങ്കയുണ്ടെന്നും ഭയത്തോടെയാണ് താനും കുടുംബവും ജീവിക്കുന്നതെന്നും ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍. തന്റെ വസതിയിലേക്ക് നടന്ന വെടിവപ്പുമായി ബന്ധപ്പെട്ട് സല്‍മാന്‍ ഖാന്‍ മുംബൈ പൊലീസിന് മൊഴി നല്‍കി.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നരയോടെയാണ് മുംബൈ പൊലീസ് ക്രൈംബ്രാഞ്ച് സംഘം സല്‍മാന്‍ ഖാന്റെ മൊഴിയെടുക്കാന്‍ ബാന്ദ്രയിലെ വസതിയിലെത്തിയത്. മൂന്ന് മണിക്കൂറിലേറെ നീണ്ട് നിന്ന മൊഴിയെടുപ്പില്‍ സല്‍മാന്‍ പങ്കുവച്ചത് വലിയ ആശങ്കയാണ്. ഏപ്രില്‍ 14ന് പുലര്‍ച്ചെയാണ് ബാന്ദ്രയിലെ വസതിയിലേക്ക് രണ്ടംഗ സംഘം ബൈക്കിലെത്തി വെടിവച്ചത്.
സംഭവ ദിവസം രാത്രി വൈകിയാണ് കിടക്കാന്‍ പോയതെന്ന് നടന്‍ പറഞ്ഞു. സഹോദരന്‍ അര്‍ബാസ് അടക്കം ബന്ധുക്കളെല്ലാം വീട്ടിലുണ്ടായിരുന്നു. പുലര്‍ച്ചെ വെടിവയ്പ്പിന്ര്‍റെ ശബ്ദം കേട്ടാണ് എഴുന്നേറ്റതെന്നും ബാല്‍ക്കണിയില്‍ എത്തി നോക്കിയപ്പോഴേക്കും പ്രതികള്‍ കടന്ന് കളഞ്ഞിരുന്നെന്നും സല്‍മാന്‍ മൊഴി നല്‍കി.
നേരത്തെ അധോലോകത്തുനിന്നും സല്‍മാനു ഭീഷണിയുണ്ടായിരുന്നു.