യു.കെ.വാര്‍ത്തകള്‍

വാഗ്ദാനപ്പെരുമഴയുമായി ലേബറിന്റെ പ്രകടനപത്രിക; പതിനാറാം വയസില്‍ വോട്ടവകാശം, നികുതികള്‍ 5 വര്‍ഷം കൂട്ടില്ലെന്ന്

ലണ്ടന്‍: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു മൂന്നോടിയായി വാഗ്ദാനപ്പെരുമഴയുമായി ലേബറിന്റെ പ്രകടനപത്രിക പറത്തിറങ്ങി. ആദായ, മൂല്യവര്‍ധിത നികുതികള്‍, നാഷണല്‍ ഇന്‍ഷുറന്‍സ് എന്നിവ അഞ്ചു വര്‍ഷം കൂട്ടില്ലെന്ന് ഉറപ്പുനല്‍കിക്കൊണ്ടാണ് ലേബര്‍ പാര്‍ട്ടി തിരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്ക്കാന്‍ നിരത്തുകളില്‍ കൂടുതല്‍ പൊലീസ് സാന്നിധ്യം, ക്രിമനലുകളെ കൂടുതല്‍ കാലം തടവില്‍ പാര്‍പ്പിക്കാന്‍ കൂടുതല്‍ ജയില്‍ സൗകര്യം, 15 ലക്ഷം പുതിയ വീടുകള്‍ എന്നിങ്ങനെ ജനത്തെ കൈയിലെടുക്കാനുതകുന്ന വാഗ്ദാനങ്ങളുമായാണ് ലേബറിന്റെ പ്രകടന പത്രിക. യുവജനങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ പതിനാറാം വയസ്സില്‍ വോട്ടവകാശമെന്ന വിപ്ലവകരമായ നിര്‍ദേശവും ലേബര്‍ പാര്‍ട്ടി മുന്നോട്ടുവയ്ക്കുന്നു.

പ്രശസ്തിക്കുവേണ്ടിയുള്ള അടവുകള്‍ അവസാനിപ്പിച്ച് സ്ഥിരതയാര്‍ന്ന ഭരണം ഉറപ്പുനല്‍കുകയാണ് ലേബര്‍ പാര്‍ട്ടിയെന്ന് പാര്‍ട്ടി ലീഡര്‍ സര്‍ കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. സാമ്പത്തിക ഭദ്രതയും വികസനവും ഉറപ്പുവരുത്തി ബ്രിട്ടനെ പുനര്‍നിര്‍മിക്കുമെന്നാണ് ലേബറിന്റെ വാഗ്ദാനം. പത്തുലക്ഷം കുഴികളടച്ച് റോഡുകള്‍ സഞ്ചാരയോഗ്യമാക്കും. പ്രൈമറി സ്കൂളുകളിലെ ഫ്രീ ബ്രേക്ക്ഫാസ്റ്റ്, പുതിയ സി.ടി സ്കാനറുകളും എക്ട്രാ ഡെന്റല്‍ അപ്പോയ്ന്റ്മെന്റുകളും സാധ്യമാക്കാന്‍ എന്‍എച്ച്എസിന് 1.6 ബില്യണ്‍ ധനസഹായം, 8,500 പുതിയ മെന്റല്‍ ഹെല്‍ത്ത് സ്റ്റാഫിന്റെ നിയമനം, പീഡന കേസുകള്‍ കൈകാര്യം ചെയ്യാന്‍ മാത്രം പുതിയ 80 കോടതികള്‍, 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് എനര്‍ജി ഡ്രിങ്ക് വാങ്ങാനുള്ള നിയന്ത്രണം, പുതിയ തലമുറയ്ക്കുള്ള സിഗരറ്റ് നിരോധനം തുടങ്ങി ഒട്ടേറെ വാഗ്ദാനങ്ങളാണ് പ്രകടനപത്രികയില്‍ ഉള്ളത്.

പ്രതിവര്‍ഷം ഏഴു ലക്ഷം അധികം ഡന്റല്‍ അപ്പോയ്ന്റ്മെന്റുകള്‍ ഉറപ്പുവരുത്താനുള്ള പദ്ധതിയാണ് പാര്‍ട്ടി വിഭാവനം ചെയ്യുന്നത്. ഇതിനായി പുതിയ റിക്രൂട്ട്മെന്റുകള്‍ ഉള്‍പ്പെടെ നടത്തും. പ്രൈവറ്റ് സ്കൂളുകള്‍ക്ക് നിലവിലുള്ള വാറ്റ് ഇളവും ബിസിനസ് റേറ്റ് ഇളവുകളും റദ്ദാക്കും. ബ്രിട്ടനില്‍ താമസിക്കുന്ന വിദേശികള്‍ക്ക് വിദേശത്തെ വരുമാനത്തിന് ഏര്‍പ്പെടുത്തിയിരുന്ന 14 വര്‍ഷത്തെ നികുതി ഇളവുകളില്‍ മാറ്റം വരുത്തും. തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്താനും സേവന വ്യവസ്ഥകള്‍ പാലിക്കപ്പെടാനും സീറോ അവര്‍ കോണ്‍ട്രാക്ട് ഉള്‍പ്പെടെയുള്ളവയില്‍ മാറ്റങ്ങള്‍ വരുത്തും. ലോക്കല്‍ ക്രൈമുകള്‍ തടയാന്‍ പുതിതായി 13,000 പൊലീസുകാരുടെ സേവനം പ്രയോജനപ്പെടുത്തും. ജയിലുകളുടെ എണ്ണം വര്‍ധിപ്പിച്ച് 12,000 പേരേക്കൂടി പുതുതായി പാര്‍പ്പിക്കാന്‍ സൗകര്യമൊരുക്കും.


അഞ്ചുവര്‍ഷംകൊണ്ട് 15ലക്ഷം പുതിയ വീടുകള്‍ പണിയുമെന്നാണ് മറ്റൊരു വാഗ്ദാനം. പുതിയ തലമുറയ്ക്ക് യോജിച്ച ടൗണ്‍ഷിപ്പുകളുടെ പ്രോജക്ടും രാജ്യത്തൊട്ടാകെ നടപ്പാക്കും. ഫുട്ബോള്‍ ക്ലബുകളുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താന്‍ പുതിയ ഫുട്ബോള്‍ ഗവേണന്‍സ് ബില്ല് അവതരിപ്പിക്കും. ഒരു കാരണവശാലും യൂറോപ്യന്‍ യൂണിയനിലേക്ക് തിരിച്ചുപോക്കില്ലെന്നും യൂറോപ്യന്‍ ഏകീകൃത മാര്‍ക്കറ്റിന്റെ ഭാഗമാകാനില്ലെന്നും ലേബര്‍ പ്രകടനപത്രിക വ്യക്തമാക്കുന്നു.

  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  • ജനരോഷം ഭയന്ന് ലോക്കല്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്‌ക്കാന്‍ ലേബര്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions