അന്താരാഷ്ട്ര യോഗാ ദിനത്തിന് മുന്നോടിയായി യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സംഘടിപ്പിച്ച യോഗാ പരിപാടിയില്‍ വന്‍ ജനപങ്കാളിത്തം. ലണ്ടനിലെ ട്രാഫല്‍ഗര്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച യോഗയില്‍ എഴുനൂറിലേറെ പേരാണ് പങ്കെടുത്തത്.
2015 മുതലാണ് ആഗോള തലത്തില്‍ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ച് തുടങ്ങിയത്. 2014-ല്‍ ഐക്യരാഷ്ട്ര സഭ യോഗ ഏറ്റെടുത്തതോടെയാണ് ഇത്. ജൂണ്‍ 21ന് പത്താം വാര്‍ഷികം നടക്കുമ്പോള്‍ 'യോഗ സ്ത്രീകളുടെ അഭിവൃദ്ധിക്കായി' എന്നാണ് ആപ്തവാക്യം.
ലിംഗസമത്വവും, ആഗോള തലത്തില്‍ സ്ത്രീകളുടെ അഭിവൃദ്ധിയുമാണ് ഇതിന്റെ ലക്ഷ്യം. യോഗാ പരിപാടിയില്‍ ഇത്രയധികം പേര്‍ പങ്കെടുത്തതിന്റെ സന്തോഷമാണ് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദൊരൈസ്വാമി പങ്കുവെച്ചത്. ലണ്ടനിലെ കേന്ദ്ര ഭാഗത്ത് എഴുനൂറിലേറെ പേര്‍ എത്തിയത് ഏറെ സന്തോഷപ്രദമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
യോഗ ചെയ്യാനായി വിവിധ ജനസമൂഹങ്ങള്‍ ഒന്നിച്ചെത്തിയതും ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഉയര്‍ത്തിക്കാണിച്ചു. കൂടുതല്‍ ആളുകള്‍ എത്തിയതും, യോഗാ സ്‌കൂളുകള്‍ ഉള്‍പ്പെട്ടതും, വ്യത്യസ്ത സമൂഹങ്ങള്‍ ഒത്തുകൂടിയതും ശ്രദ്ധേയമായെന്ന് അദ്ദേഹം പറയുന്നു. എന്നിരുന്നാലും യോഗയിലൂടെ സൗഖ്യവും, വ്യക്തിപരമായ വളര്‍ച്ചയും നേടുന്ന വിഷയത്തിലാണ് ശ്രദ്ധ നല്‍കുന്നതെന്ന് ദൊരൈസ്വാമി കൂട്ടിച്ചേര്‍ത്തു.