യുകെയില്‍ ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വന്ന, വര്‍ധിപ്പിച്ച നാഷണല്‍ മിനിമം വേജ് മൂലം വേനല്‍ക്കാലത്ത് ഉണ്ടാകാറുള്ള സീസണല്‍ തൊഴില്‍ അവസരങ്ങളുടെ എണ്ണത്തില്‍ വലിയ കുറവ് നേരിട്ടു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്, ഏപ്രില്‍ മെയ് മാസങ്ങളില്‍ സീസണല്‍ തൊഴിലുകളുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടായതായി റിക്രൂട്ട്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് കോണ്‍ഫെഡറേഷനാണ് പറഞ്ഞത്. ഇതിന്റെ തിരിച്ചടി ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റ സമൂഹത്തിനാണ് നേരിടേണ്ടിവരുന്നത്.
ഷെഫുമാര്‍, തീം പാര്‍ക്ക് അറ്റന്‍ഡന്റ്‌സ് എന്നിവരുടെ അവസരങ്ങള്‍ മൂന്നിലൊന്ന് കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. റെസ്റ്റോറന്റ് മേഖലയില്‍ ഏതാണ്ട് 38.1 ശതമാനത്തോളം തൊഴിലവസരങ്ങള്‍ കുറഞ്ഞപ്പോള്‍, ഹോട്ടല്‍ മേഖലയില്‍ അത് 44.5 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്. അതുപോലെ യു കെയില്‍ ആകെയായി ടൂറിസം- ഈവന്റ് മേഖലയിലും തൊഴിലവസരങ്ങള്‍ ഗണ്യമായി കുറഞ്ഞുവെന്ന് കോണ്‍ഫെഡറേഷന്‍ ചൂണ്ടിക്കാട്ടുന്നു. വെയ്ല്‍സിലും, നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും, വടക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലും മാത്രമാണ് പ്രതിസന്ധി അത്രകണ്ട് രൂക്ഷമാകാത്തത്.
യു കെ അഭിമുഖീകരിക്കുന്ന സാമ്പത്തിക അസ്ഥിരതയും, ഉയര്‍ന്ന മിനിമം വേജുമാണ് ഇത്തരമൊരു അവസ്ഥക്ക് കാരണമെന്നും കോണ്‍ഫെഡറേഷന്‍ പറയുന്നു. 21 വയസ്സില്‍ താഴെയുള്ളവര്‍ക്ക് മണിക്കൂറില്‍ 11.44 പൗണ്ട് ആക്കിയാണ് കഴിഞ്ഞ ഏപ്രിലില്‍ വേതനം ഉയര്‍ത്തിയത്. നേരത്തെ ഇത് 23 വയസി ന് മുകളിലുള്ളവര്‍ക്ക് മാത്രമായിരുന്നു ലഭ്യമായിരുന്നത്. 18 മുതല്‍ 20 വയസുവരെയുള്ളവരുടെ മിനിമം വേതനം 14.8 ശതമാനം വര്‍ദ്ധിപ്പിച്ച് മണിക്കൂറില്‍ 8.60 പൗണ്ട് ആക്കി. 16 ഉം 17 ഉം വയസുള്ളവരുടെ വേതനത്തില്‍ 21.2 ശതമാനത്തിന്റെ വര്‍ദ്ധനവ് വരുത്തി മണിക്കൂറില്‍ 6.40 പൗണ്ട് ആക്കുകയും ചെയ്തിരുന്നു.