ലീഡ്‌സിലെ സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് നഴ്‌സുമാരെ വധിക്കാന്‍ പ്രഷര്‍ കുക്കര്‍ ബോംബുമായി എത്തിയ തീവ്രവാദിയെ ആശുപത്രിക്ക് പുറത്തുവെച്ച് പറഞ്ഞ് സമാധാനിപ്പിച്ച് പിന്തിരിപ്പിച്ചത് ഒരു രോഗി! കോടതി വിചാരണയില്‍ ആണ് ഇക്കാര്യം വ്യക്തമായത്.
ലീഡ്‌സിലെ സെന്റ് ജെയിംസ് ഹോസ്പിറ്റലിലെ ഗ്ലെഡ്ഹൗ വിംഗിന് പുറത്താണ് 28-കാരനായ മുഹമ്മദ് ഫാറൂഖ് എന്ന തീവ്രവാദി പ്രഷര്‍ കുക്കര്‍ ബോംബുമായി എത്തിയത്. പരമാവധി നഴ്‌സുമാരെ വധിക്കുകയായിരുന്നു ഇയാളുടെ പദ്ധതി. കഴിഞ്ഞ വര്‍ഷം ജനുവരി 20ന് പുലര്‍ച്ചെയായിരുന്നു നാടകീയ സംഭവങ്ങള്‍.
ബോംബ് പൊട്ടിച്ച് അക്രമണം നടത്താനും, കത്തി ഉപയോഗിച്ച് പരമാവധി ആളുകളെ കുത്തിക്കൊല്ലാനും, വ്യാജ തോക്ക് കൈയില്‍ വെച്ച് ഭീഷണിപ്പെടുത്തി പോലീസിനെ കൊണ്ട് വെടിവെച്ച് ചാകാനും, അതുവഴി സ്വയം രക്തസാക്ഷിയാകാനുമായിരുന്നു ഫാറൂഖിന്റെ പദ്ധതിയെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു
കടുത്ത ഇസ്ലാമിക ആശയങ്ങളില്‍ ആകൃഷ്ടനായതോടെയാണ് ഇയാള്‍ തീവ്രവാദി അക്രമണം നടത്താന്‍ തയ്യാറായത്. ആദ്യം നോര്‍ത്ത് യോര്‍ക്ക്ഷയറില്‍ യുഎസ് ഉപയോഗിക്കുന്ന ആര്‍എഎഫ് മെന്‍വിത്ത് ഹില്‍ അക്രമിക്കാനായിരുന്നു പദ്ധതി. പിന്നീടാണ് സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ അക്രമിക്കാന്‍ പദ്ധതി മാറ്റിയത്. ഇവിടെ ക്ലിനിക്കല്‍ സപ്പോര്‍ട്ട് വര്‍ക്കറായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍.
തന്റെ മുന്‍ സഹജീവനക്കാരോടുള്ള പരാതികളാണ് ആശുപത്രിയെ ലക്ഷ്യമാക്കി മാറ്റാന്‍ ഫാറൂഖിനെ പ്രേരിപ്പിച്ച മറ്റൊരു ഘടകം. എന്നാല്‍ ബോംബ് ഭീഷണി ഒരു ഓഫ് ഡ്യൂട്ടി നഴ്‌സിന്റെ ഫോണിലേക്ക് അയച്ചെങ്കിലും ഒരു മണിക്കൂറിന് ശേഷമാണ് ഈ സന്ദേശം ഇവര്‍ കാണുന്നത്. ആളുകളെ ഒഴിപ്പിച്ച് കാര്‍ പാര്‍ക്കിലെത്തുമ്പോള്‍ ഇവിടെ ബോംബുമായി കാത്തുനിന്ന് പൊട്ടിക്കാനായിരുന്നു പദ്ധതി. കൂടാതെ പ്രതീക്ഷിച്ച പോലെ സമ്പൂര്‍ണ്ണ ഒഴിപ്പിക്കല്‍ നടന്നതുമില്ല.
ഇതോടെ പദ്ധതി മാറ്റി ഹോസ്പിറ്റല്‍ കഫെയില്‍ സ്റ്റാഫ് ഷിഫ്റ്റ് മാറ്റത്തിനായി കാത്തിരിക്കാന്‍ ഇയാള്‍ തീരുമാനിച്ചു. പരമാവധി നഴ്‌സുമാരെ കൊല്ലുകയായിരുന്നു ലക്ഷ്യം. എന്നാല്‍ നതാന്‍ ന്യൂബി എന്ന രോഗി ഇയാളെ ശ്രദ്ധിക്കുകയും സംസാരിക്കുകയുമായിരുന്നു. ഇതോടെ ന്യൂബിയോട് ഫാറൂഖ് ഉദ്ദേശം പറയുകയും, സമാധാനിപ്പിച്ച് നിര്‍ത്തുകയുമായിരുന്നു. പിന്നീടാണ് പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തത്.