യുകെ മലയാളി സമൂഹത്തിനു വേദനയായി പീറ്റര്‍ബറോ മലയാളിയ്ക്ക് അപ്രതീക്ഷിത വിയോഗം. പീറ്റര്‍ബറോയില്‍ കുടുംബമായി താമസിച്ചിരുന്ന മലയാളി നഴ്‌സ് സുഭാഷ് മാത്യു (43) ആണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്. കഴിഞ്ഞ ദിവസം വൈകീട്ട് 6.30നാണ് അന്തരിച്ചത്.
നോര്‍ത്ത് വെസ്റ്റ് ആംഗ്ലിയ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ പീറ്റര്‍ബറോ സിറ്റി ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. ഇടുക്കി വണ്ടിപ്പെിയാര്‍ ആഞ്ഞിലിത്തോപ്പില്‍ കുടുംബാംഗമായ സുഭാഷ് 2006ലാണ് യുകെയിലെത്തിയത്.
കണ്ണൂര്‍ എടൂര്‍ ഞാറക്കാട്ടില്‍ കുടുംബാംഗം മിനുവാണ് ഭാര്യ. ആഷേര്‍ ഏക മകനാണ്. സംസ്‌കാരം നാട്ടില്‍ വച്ചു നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. പീറ്റര്‍ മലയാളി സമൂഹം കുടുംബത്തിന് പിന്തുണയുമായി ഒപ്പമുണ്ട്.
യുകെയിലെ പൊതു ദര്‍ശനവും നാട്ടിലെ സംസ്‌കാര തീയതിയും യുകെയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം തീരുമാനിക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.
പീറ്റര്‍ബറോ മലയാളി കമ്മ്യൂണിറ്റിയില്‍ വളരെയധികം സജീവമായ കുടുംബമായിരുന്നു സുഭാഷിന്റേത്. അതുകൊണ്ടുതന്നെ സുഭാഷ് മാത്യുവിന്റെ വിയോഗം പീറ്റര്‍ബറോയിലെ മലയാളി സമൂഹത്തെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്.
വീട്ടില്‍ സുഭാഷും മകനും മാത്രമാണുണ്ടായിരുന്നത്. അച്ഛന്‍ ഉറങ്ങുകയാണെന്നാണ് മകന്‍ കരുതിയത്. തുടര്‍ന്ന് വിളിക്കാനും പോയില്ല. എന്നാല്‍ ജോലി കഴിഞ്ഞെത്തിയ ഭാര്യ സുഭാഷിനെ തിരക്കിയെത്തിയപ്പോഴാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെങ്കിലും മരണം സംഭവിച്ചിരുന്നു. ആരോഗ്യവാനായിരുന്ന സുഭാഷിന്റെ മരണം സുഹൃത്തുക്കള്‍ക്ക് വലയത്തിന് വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.