യുകെയിലെ കുട്ടികളുടെ ആരോഗ്യസ്‌ഥിതി അനുദിനം മോശമായി വരുന്നതായി വിദഗ്ധരുടെ മുന്നറിയിപ്പ്. മോശം ഭക്ഷണക്രമം, ഭക്ഷ്യ അരക്ഷിതാവസ്ഥ, ദാരിദ്ര്യം എന്നിവ മൂലം യുകെയിലെ കുട്ടികളില്‍ ഭൂരിഭാഗം പേരും ഉയരം കുറഞ്ഞവരും പൊണ്ണത്തടിയുള്ളവരും ആയി മാറുന്നതായി ഫുഡ് ഫൗണ്ടേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് കുട്ടികളെ പല രോഗങ്ങള്‍ക്കും അടിമയാക്കുകയും ചെയ്യുന്നു.
റിപ്പോര്‍ട്ടില്‍ അഞ്ച് വയസ്സുള്ള കുട്ടികളുടെ ശരാശരി ഉയരം കുറയുന്നതായി പറയുന്നു. ഇതിന് പുറമെ കുട്ടികളില്‍ പൊണ്ണത്തടിയുടെ അളവ് ഏകദേശം മൂന്നിലൊന്ന് വര്‍ധിച്ചു. യുവാക്കള്‍ക്കിടയില്‍ ടൈപ്പ് 2 പ്രമേഹ രോഗനിര്‍ണയം 20ശതമാനത്തിലധികം വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വിപണിയിലെ വിലകുറഞ്ഞ അള്‍ട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങളുടെ ലഭ്യതയും പോഷകാഹാരങ്ങളുടെ കുറവ്, ഉയര്‍ന്ന ദാരിദ്ര്യം എന്നിവയാണ് റിപ്പോര്‍ട്ട് കുട്ടികളുടെ ആരോഗ്യം മോശമാകുന്നതിന്റെ കാരണങ്ങളായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
അടിയന്തരമായ ഇടപെടലുകള്‍ നടത്തിയില്ലെങ്കില്‍ കുട്ടികളില്‍ ഇത് ആജീവനാന്ത ആരോഗ്യപ്രശ്നങ്ങള്‍, മാനസികാരോഗ്യ പ്രശ്നങ്ങള്‍, അകാല മരണം എന്നിവയ്ക്ക് വരെ കാരണമാകാം. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉടനെ ഒരു നീക്കം ഉണ്ടായില്ലെങ്കില്‍ ഭാവിയില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഇത് കാര്യമായി ബാധിക്കുമെന്ന് അധികൃതര്‍ പറയുന്നു. ആരോഗ്യകരമായ ഭക്ഷണം താങ്ങാനാവുന്ന വിലയുള്ളതാക്കുന്നതിനും ജങ്ക് ഫുഡ് ലഭ്യത കുറയ്ക്കുന്നതിനും ഉള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തരമായി വേണമെന്നാണ് നിര്‍ദ്ദേശം .
യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ അമിതവണ്ണം ഉള്ള ആളുകളുടെ എണ്ണത്തില്‍ ബ്രിട്ടന്‍ മുന്നിലാണ്. മുതിര്‍ന്നവരില്‍ മൂന്നില്‍ രണ്ടുപേര്‍ അമിതഭാരമോ അമിത വണ്ണമോ ഉള്ളവരാണ്. അമിതവണ്ണം മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ചികിത്സിക്കാന്‍ എന്‍ എച്ച് എസ് പ്രതിവര്‍ഷം 6 ബില്യണ്‍ പൗണ്ട് ചിലവഴിക്കുന്നു എന്നാണ് ഏകദേശ കണക്ക്. 2050 ഓടെ ഇത് പ്രതിവര്‍ഷം 10 ബില്യണ്‍ പൗണ്ട് ആയി ഉയരുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
40 വയസില്‍ താഴെയുള്ളവരിലുള്ള ടൈപ്പ് 2 പ്രമേഹം 2016- 17 കാലയളവില്‍ 12,000 ആയിരുന്നു. എന്നാല്‍ നിലവില്‍ ഇവരുടെ എണ്ണം 168,000 ആയി വര്‍ധിച്ചതായാണ് കണക്കുകള്‍ പറയുന്നത്. 40 വയസ് ഉള്ളവരേക്കാള്‍ കൂടുതല്‍ വേഗത്തില്‍ ചെറുപ്പക്കാര്‍ക്ക് പ്രമേഹം പിടിപെടുന്നത് ആശങ്കയോടെയാണ് ആരോഗ്യ വിദഗ്ധര്‍ കാണുന്നത്.
കുട്ടികളിലും യുവാക്കളിലും ടൈപ്പ് 2 പ്രമേഹം വര്‍ദ്ധിക്കുന്നത് ആശങ്കാജനകമാണെന്നും പ്രതിസന്ധി പരിഹരിക്കാന്‍ മന്ത്രിമാരോട് ആവശ്യപ്പെട്ടതായും വിദഗ്ധര്‍ പറഞ്ഞു. ഫാസ്റ്റ് ഫുഡും, വ്യായാമമില്ലായ്മയും ശീതള പാനീയങ്ങളുടെ ഉപയോഗവുമെല്ലാം കുട്ടികളില്‍ വേഗത്തില്‍ പ്രമേഹം എത്താനുള്ള വഴിയൊരുക്കുന്നു.