എന്‍എച്ച്എസിനെ മുള്‍മുനയില്‍ നിര്‍ത്തി വിലപേശി ഹാക്കര്‍മാര്‍. എന്‍എച്ച്എസിന് ലാബ് സേവനങ്ങള്‍ നല്‍കുന്ന സേവനദാതാവിനെ ലക്ഷ്യമിട്ട് നടന്ന ഹാക്കിംഗ് പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. 40 മില്ല്യണ്‍ പൗണ്ട് മോചനദ്രവം ആവശ്യപ്പെട്ടിരിക്കുകയാണ് ഹാക്കര്‍മാര്‍. ജൂണ്‍ 4ന് സിനോവിസിന് നേരെ നടന്ന സൈബര്‍ അക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ക്വിലിന്‍ എന്ന സംഘമാണ് പ്രശ്‌നബാധിതമായ കമ്പ്യൂട്ടറുകള്‍ അണ്‍ലോക്ക് ചെയ്യാന്‍ പണം ചോദിച്ചിരിക്കുന്നത്.
ഹാക്കിംഗിലൂടെ തട്ടിയെടുത്ത വിവരങ്ങള്‍ പരസ്യപ്പെടുത്തുമെന്നും ഭീഷണിയുണ്ട്. എന്‍എച്ച്എസും, പ്രൈവറ്റ് കമ്പനിയും സംയുക്തമായി നടത്തുന്ന ഈ കമ്പനിയാണ് രക്തം, യൂറിന്‍ , ടിഷ്യൂ സാമ്പിളുകള്‍ എന്നിവ ആശുപത്രികള്‍ക്കും, ജിപി സര്‍ജറികള്‍ക്കുമായി പരിശോധിക്കുന്നത്.
സൈബര്‍ അക്രമത്തെ തുടര്‍ന്ന് അടിയന്തര കാന്‍സര്‍, ട്രാന്‍സ്പ്ലാന്റ് ഓപ്പറേഷനുകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പ്രൊസീജ്യറുകളാണ് റദ്ദാക്കിയതെന്ന് എന്‍എച്ച്എസ് വ്യക്തമാക്കി. ആവശ്യമായ പരിശോധനകള്‍ നടത്താന്‍ കഴിയാതെ വന്നതോടെ ആദ്യത്തെ ആഴ്ചയില്‍ 850-ലേറെ ഒപി അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കിയെന്നാണ് വിവരം.
പ്രശ്‌നത്തില്‍ നിന്നും പൂര്‍ണ്ണമായി പുറത്തുവരാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്നാണ് കരുതുന്നത്. വരും ദിവസങ്ങളിലും റദ്ദാക്കലുകള്‍ തുടരും. ലാബുകള്‍ക്ക് സാധാരണ ശേഷിയുടെ 10 ശതമാനത്തില്‍ മാത്രമാണ് പ്രവര്‍ത്തിക്കാന്‍ സാധിക്കുക. തലസ്ഥാനത്തെ സൗത്ത് ഈസ്റ്റ് മേഖലയിലാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിട്ട എന്‍എച്ച്എസ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.