ബ്രിട്ടനില്‍ പത്തില്‍ ഒന്‍പത് ദമ്പതികളും വിവാഹത്തിന് മുന്‍പ് ഒരുമിച്ച് ജീവിച്ച് പരീക്ഷിക്കുന്നു! അതുവഴി ഭാവിജീവിതം സുഖകരമാക്കുകയാണ് ലക്‌ഷ്യം .പലപ്പോഴും വിവാഹം ചെയ്ത പങ്കാളിയുടെ സ്വഭാവങ്ങളും, അതുമായി പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ടും കുടുംബജീവിതം താളം തെറ്റിക്കും. ഇതൊഴിവാക്കാനാണ് താന്‍ കെട്ടാന്‍ പോകുന്ന വ്യക്തിക്കൊപ്പം ഒരുമിച്ചു ജീവിക്കാന്‍ പങ്കാളികള്‍ മുന്നോട്ടുവരുന്നത്.
ഭൂരിപക്ഷം പേരും വിവാഹത്തിന് മുന്‍പ് ഒരുമിച്ച് ജീവിച്ച് നോക്കുന്നതായാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. 2022-ല്‍ ഔദ്യോഗിക ചടങ്ങുകളില്‍ വിവാഹം ചെയ്തവരില്‍ പത്തില്‍ ഒന്‍പത് ദമ്പതികളും ഇതിന് മുന്‍പ് ഒരുമിച്ച് ജീവിച്ചവരാണെന്ന് ഡാറ്റ സ്ഥിരീകരിക്കുന്നു.
മൂന്ന് ദശകം മുന്‍പ് 1994-ല്‍ 59.6 ശതമാനത്തോളം പേരാണ് ഈ വിധം ഒരുമിച്ച് ജീവിച്ച ശേഷം വിവാഹിതരായതെങ്കില്‍, 2022 എത്തുമ്പോള്‍ ഇത് 91.3 ശതമാനത്തിലേക്കാണ് ഉയരുന്നത്. പുരോഗമനവാദികള്‍ മാത്രമല്ല മതപരമായ ചടങ്ങുകളില്‍ വിവാഹിതരാകുന്ന 83.7 ശതമാനം പേരും വിവാഹത്തിന് മുന്‍പ് ഒരുമിച്ച് ജീവിച്ച് നോക്കിയിട്ടുള്ളവരാണെന്നും ഈ ഡാറ്റ വ്യക്തമാക്കുന്നു.
അതേസമയം ഒരു ലിംഗത്തില്‍ പെട്ടവരുടെ സഹവാസത്തില്‍ പുരുഷന്‍മാരില്‍ 95.2 ശതമാനവും, സ്ത്രീകളില്‍ 93.5 ശതമാനവും ഈ വിധത്തില്‍ പെട്ടവര്‍ തന്നെ. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍ പ്രകാരം വിവാഹത്തിന് പുരുഷന്‍മാരുടെ ഏകദേശ പ്രായം 32.7 വയസ്സും, സ്ത്രീകളുടേത് 31.2 ആണ്. ഇതുവരെ രേഖപ്പെടുത്തിയതിലെ ഉയര്‍ന്ന പ്രായവുമാണ്.