കാര്‍ഡിഫില്‍ കാറപകടത്തില്‍പ്പെട്ട മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലമാക്കി, ഒന്നര മാസത്തോളം നീണ്ട പോരാട്ടം അവസാനിപ്പിച്ച് മലയാളി വിദ്യാര്‍ത്ഥിനി ഹെല്‍ന മരിയ മരണത്തിന് കീഴടങ്ങി. കാര്‍ഡിഫിലെ കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഹെല്‍നയുടെ വെന്റിലേറ്ററില്‍ കഴിയവേ വ്യാഴാഴ്ച വൈകിട്ട് ആണ് വിട വാങ്ങിയത്.
മേയ് മൂന്നിന് കാര്‍ഡിഫിന് അടുത്ത് വച്ച് നടന്ന കാര്‍ അപകടത്തിലാണ് മലപ്പുറം സ്വദേശിനി ഹെല്‍ന മരിയക്കു ഗുരുതരമായി പരിക്കേറ്റത്. കാറിലുണ്ടായിരുന്ന നാല് പേരില്‍ മൂന്ന് പേര്‍ക്ക് സാരമായ പരിക്ക് പറ്റുകയും അവരില്‍ ഹെല്‍ന മരിയ ഗുരുതരാവസ്ഥയില്‍ കാര്‍ഡിഫ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ പരിചരണത്തിലായിരുന്നു. ഹെല്‍നയുടെ തിരിച്ചു വരവിനായുള്ള പ്രാര്‍ത്ഥനകള്‍ക്കിടെയാണ് മരണവാര്‍ത്ത എത്തിയത്.
ഗുരുതരമായി പരിക്കേറ്റ ഹെല്‍ന കഴിഞ്ഞ ഒന്നര മാസത്തിലധികമായി വെന്റിലേറ്ററില്‍ ജീവനുവേണ്ടി പോരാടുകയായിരുന്നു. ക്രിട്ടിക്കല്‍ സ്റ്റേജില്‍ ആയിരിക്കുമ്പോള്‍ തന്നെ ഹെല്‍നയ്ക്ക് എല്ലാ മതപരമായ ചടങ്ങുകളും നല്‍കിയിരുന്നു. 2024 ഏപ്രിലിലാണ് കാര്‍ഡിഫിനടുത്തുള്ള സൗത്ത് വെയില്‍സ് സര്‍വ്വകലാശാലയില്‍ നഴ്‌സിംഗ് പഠിക്കാനായി ഹെല്‍ന യുകെയിലെത്തിയത്. യുകെയില്‍ വന്ന് ഒരു മാസം കഴിഞ്ഞപ്പോള്‍ തന്നെ അപകടം നടന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബ്രേക്ക് ഡൌണ്‍ ആയി നിയന്ത്രണം നഷ്ടപ്പെടുകയും ഭിത്തിയില്‍ ഇടിക്കുകയുമാണുണ്ടായത്.
മകളുടെ അപകട വാര്‍ത്ത അറിഞ്ഞ ഉടനെ തന്നെ ഒരാഴ്ചക്കുള്ളില്‍ മാതാപിതാക്കള്‍ കേരളത്തില്‍ നിന്നും യുകെയില്‍ എത്തി. കഴിഞ്ഞ ഒന്നര മാസം മകളുടെ ആരോഗ്യസ്ഥിതി നന്നാകുവാനും ജീവിതത്തിലേക്ക് തിരിച്ചുവരുവാനും വേണ്ടി മാതാപിതാക്കള്‍ ഉപവാസവും പ്രാര്‍ത്ഥനയുമായി കഴിയുകയായിരുന്നു. മാതാപിതാക്കളോടും സഹോദരങ്ങളായ ദീപു, ദിനു എന്നിവരോടൊപ്പം കാര്‍ഡിഫിലെ കുറെ സുമനസുകള്‍ എപ്പോഴും കൂടെയുണ്ടായിരുന്നു.
മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ പാലാങ്കര പള്ളി ഇടവകയില്‍ പെട്ട സിബിച്ചന്‍ പാറത്താനത്തിന്റെയും (റിട്ടയേര്‍ഡ് എസ്‌ഐ, കേരള പോലീസ്) സിന്ധുവിന്റെയും മൂത്ത മകളായിരുന്നു ഹെല്‍ന. യുകെയിലെ എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കിയ ശേഷം ഹെല്‍നയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
സൗത്ത് വെയില്‍സിലെ കാര്‍ഡിഫ് മലയാളി അസോസിയേഷനും ബാരി മലയാളി വെല്‍ഫെയര്‍ അസോസിയേഷനും ഹെല്‍നയുടെ ആകസ്മിക വിയോഗത്തില്‍ ദുഃഖിച്ചു കഴിയുന്ന കുടുംബാംഗങ്ങള്‍ക്ക് അനുശോചനം അറിയിച്ചു. ഹെല്‍നയുടെ വേര്‍പാടില്‍ യുക്മ നാഷണല്‍ കമ്മിറ്റിയും അനുശോചനം അറിയിച്ചു. കഴിഞ്ഞ ഒന്നര മാസക്കാലം വളരെ ക്രിട്ടിക്കല്‍ അവസ്ഥയില്‍ ആശുപത്രിയില്‍ ആയിരുന്ന ഹെല്‍നയെ പരിചരിച്ച എല്ലാ ഹോസ്പിറ്റല്‍ സ്റ്റാഫിനെയും പ്രത്യേകിച്ച് എല്ലാ മലയാളി സ്റ്റാഫുകള്‍ക്കും നന്ദിയും സ്‌നേഹവും കുടുംബങ്ങള്‍ അറിയിച്ചു.