ലണ്ടനിലെ ഹോസ്പിറ്റലുകളില്‍ സൈബര്‍ ആക്രമണം നടത്തിയ കുറ്റവാളികള്‍ അതീവ പ്രാധാന്യമുള്ള ചില വിവരങ്ങള്‍ പുറത്തു വിട്ടതായി റിപ്പോര്‍ട്ടുകള്‍.ടെലിഗ്രാം ചാനലിലും ഡാര്‍ക്ക് വെബ്ബിലുമാണ് സുപ്രധാന വിവരങ്ങള്‍ പുറത്തു വിട്ടത്. ഏകദേശം 400 ജി ബി സ്വകാര്യ വിവരങ്ങള്‍ ഈ രീതിയില്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചതായാണ് അറിയാന്‍ കഴിഞ്ഞത്. അതീവ പ്രാധാന്യമുള്ള രക്ത പരിശോധനാ വിവരങ്ങള്‍ ആണ് പരസ്യമാക്കിയത് .
ജൂണ്‍ മൂന്നാം തീയതി ലണ്ടനിലെ പ്രധാനപ്പെട്ട ഹോസ്പിറ്റലുകളുടെ സര്‍വറുകളില്‍ സൈബര്‍ ആക്രമണം നടത്തി വിവരങ്ങള്‍ ചോര്‍ത്തിയ ശേഷം ഹാക്കര്‍മാര്‍ പണം തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു . പണം ലഭിച്ചില്ലെങ്കില്‍ തട്ടിയെടുത്ത വിവരങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. പുറത്തുവിട്ട ഡാറ്റയില്‍ രോഗികളുടെ പേരുകള്‍, ജനന തീയതി, എന്‍എച്ച്എസ് നമ്പറുകള്‍, രക്തപരിശോധനകളുടെ വിവരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. പരിശോധനാ ഫലങ്ങളും ഡാറ്റയില്‍ ഉണ്ടോ എന്ന് വ്യക്തമല്ല.
ലണ്ടനിലെ ആശുപത്രികളുടെ കമ്പ്യൂട്ടര്‍ സര്‍വറില്‍ സൈബര്‍ ആക്രമണം നടന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പ്രധാന ആശുപത്രികളായ റോയല്‍ ബ്രോംപ്ടണ്‍, എവലിന ലണ്ടന്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍, സെന്റ് തോമസ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് സൈബര്‍ ആക്രമണം നടന്നത് . ഇതിനെ തുടര്‍ന്ന് ശസ്ത്രക്രിയകള്‍ വരെ മുടങ്ങുകയും അത്യാഹിത വിഭാഗത്തിലേയ്ക്ക് വന്ന പല രോഗികളെയും മറ്റ് ആശുപത്രികളിലേയ്ക്ക് മാറ്റേണ്ട ഗുരുതരമായ സ്ഥിതി ഉണ്ടായി .
റോയല്‍ ബ്രോംപ്ടണ്‍, എവലിന ലണ്ടന്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ , കിംഗ്സ് കോളേജ് ഹോസ്പിറ്റല്‍, ഗൈസ്, സെന്റ്തോമസ് എന്നിവയുടെ പ്രാഥമിക പരിചരണ സേവനങ്ങളെയും സൈബര്‍ ആക്രമണം ബാധിച്ചു . രോഗികള്‍ക്ക് വിവിധ സേവനങ്ങള്‍ നല്‍കുന്നതിനെയും വിവിധ പരിശോധന ഫലങ്ങള്‍ നല്‍കുന്നതിനെയും സൈബര്‍ അറ്റാക്ക് ബാധിച്ചു. ആശുപത്രികളിലെ വിവിധ വിഭാഗങ്ങള്‍ക്ക് സുപ്രധാന സൈബര്‍ സര്‍വീസുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.
കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകള്‍ തകരാറിലായതിനെ തുടര്‍ന്ന് സര്‍വറുകള്‍ പണിമുടക്കിയതിനാല്‍ പഴയ രീതിയായ പേപ്പര്‍ റെക്കോര്‍ഡിലേയ്ക്ക് പല ആശുപത്രികളും മടങ്ങിപോയത് വാര്‍ത്തയായിരുന്നു.
ജൂണ്‍ 4ന് സിനോവിസിന് നേരെ നടന്ന സൈബര്‍ അക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ക്വിലിന്‍ എന്ന സംഘം 40 മില്ല്യണ്‍ പൗണ്ട് ആവശ്യപ്പെട്ടിരുന്നു. സൈബര്‍ അക്രമത്തെ തുടര്‍ന്ന് അടിയന്തര കാന്‍സര്‍, ട്രാന്‍സ്പ്ലാന്റ് ഓപ്പറേഷനുകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പ്രൊസീജ്യറുകളാണ് റദ്ദാക്കിയതെന്ന് എന്‍എച്ച്എസ് വ്യക്തമാക്കി
പ്രശ്‌നത്തില്‍ നിന്നും പൂര്‍ണ്ണമായി പുറത്തുവരാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്നാണ് കരുതുന്നത്. വരും ദിവസങ്ങളിലും റദ്ദാക്കലുകള്‍ തുടരും. ലാബുകള്‍ക്ക് സാധാരണ ശേഷിയുടെ 10 ശതമാനത്തില്‍ മാത്രമാണ് പ്രവര്‍ത്തിക്കാന്‍ സാധിക്കുക. തലസ്ഥാനത്തെ സൗത്ത് ഈസ്റ്റ് മേഖലയിലാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിട്ട എന്‍എച്ച്എസ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.